കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ബോഗി കത്തി നശിച്ച സംഭവം അട്ടിമറിയെന്ന് സൂചന.പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ട്രെയിനിൽ തീ പിടിച്ച സംഭവത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു. ഫോറൻസിക് പ്രാഥമിക പരിശോധനയിൽ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി. വിൻഡോ ഗ്ലാസ് പൊളിച്ച ഭാഗത്താണ് കല്ല് ഉണ്ടായിരുന്നത്. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണൽ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയിൽ ട്രെയിനിന് അകത്ത് ആൾ കയറിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്രെയിൻ ബോഗിയുടെ ശുചി മുറി തകർത്തു. കണ്ണാടി കുത്തിപ്പൊട്ടിക്കുകയും ക്ലോസറ്റിൽ കല്ല് ഇടുകയും ചെയ്തു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. നിലവിൽ ഫോറൻസിക് പരിശോധന തുടരുകയാണ്. ആസൂത്രിതമായി തീവെച്ചതാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ഏപ്രില്‍ രണ്ടിന് രാത്രി 9.25ന് കോഴിക്കോട് എലത്തൂരില്‍ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി കത്തിച്ച അതേ ട്രെയിനിലാണു തീപിടിത്തമുണ്ടായത്.ഇന്നലെ രാത്രി 11 ഓടെയാണ് എക്സിക്യൂട്ടീവ് എക്സ്പ്രസ് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. 12ഓടെ ട്രെയിനിലെ ശുചീകരണമെല്ലാം ജീവനക്കാര്‍ പൂര്‍ത്തിയാക്കി ട്രെയിനിന്റെ വാതിലുകളെല്ലാം അടച്ചിരുന്നു.
ഇന്നു പുലര്‍ച്ചെ ഒന്നിനും 1.25 നും ഇടയിലാണ് കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ പിന്നില്‍നിന്നുള്ള മൂന്നാമത്തെ ജനറല്‍ കോച്ചിന് തീപിടിച്ചത്. മൂന്നാം പ്ലാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിന്‍.
തീപിടിച്ച് ഒരു ബോഗി പൂര്‍ണമായും മറ്റൊരു ബോഗി ഭാഗികമായും കത്തിനശിച്ചു. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം ഏറെനേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തുടര്‍ന്ന്, ബോഗികള്‍ വേര്‍പെടുത്തിയതിനാല്‍ മറ്റ് ബോഗികളിലേക്ക് തീ പടര്‍ന്നില്ല. തീ ഉയരുന്നത് റെയില്‍വേ എസ്ഐ നിസാര്‍ അഹമ്മദാണ് ആദ്യം കണ്ടത്. അഗ്നിരക്ഷാസേനയുടെ വാഹനത്തിന് ഇവിടേക്ക് എത്താന്‍ തടസമായത് തീ കൂടുതല്‍ പടരാന്‍ ഇടയാക്കി. തീപിടിച്ച് അരമണിക്കൂറിനുശേഷമാണ് അണയ്ക്കാനായത്.
തീപിടിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ല. പുറത്തു നിന്നെത്തി തീയിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ് ആര്‍പിഎഫിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. കൈയില്‍ കുപ്പിയുമായി വരുന്നയാളുടെ സിസിടിവി ദൃശ്യം ആര്‍പിഎഫിന് ലഭിച്ചിട്ടുണ്ട്.സമീപത്തുള്ള ബിപിസിഎല്‍ ഡിപ്പോയുടെ സിസിടിവിയില്‍നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാള്‍ ട്രെയിനുള്ളില്‍ കയറിയതിന് പിന്നാലെയാണ് ട്രെയിനിനു തീപിടിച്ചത്. കത്തിയ ബോഗിക്കുള്ളിലെ ബാത്ത് റൂമിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ക്ലോസറ്റില്‍ കരിങ്കല്ല് ഇട്ടനിലയിലുമാണ്.
ഏലത്തൂര്‍ സംഭവത്തോട് സമാനതയുള്ളതാണ് തീപിടിത്തമെന്നാണ് അന്വേഷണസംഘം പറയുന്നത്. കൂടാതെ, തീ ആളിക്കത്താന്‍ ഇന്ധനം ഉപയോഗിച്ചതായും അന്വേഷണസംഘം വിലയിരുത്തുന്നു. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ എംഡിആര്എം സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.
താവക്കര ബിവറേജ് ഗോഡൗണിന് സമീപത്തുള്ള കാടുപിടിച്ച സ്ഥലങ്ങളിലൂടെ ഒരു ഇടവഴിയുണ്ട്. ഇതിലൂടെ സഞ്ചരിച്ചാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ട്രെയിനിനു സമീപം എത്താം. വിജിലന്‍സ് ഓഫീസ് പരിസരത്തു കൂടെയും അക്രമിക്ക് ഇവിടെയെത്താമെന്ന ധാരണയിലാണ് അന്വേഷണസംഘം.ട്രെയിന്‍ നിര്‍ത്തിയിട്ട കിഴക്കേ കവാടത്തിന് സമീപം കാടുകള്‍ നിറഞ്ഞ പ്രദേശമാണ്. ഇവിടെ, തകര്‍ന്നു കിടക്കുന്ന ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സുകളും ഉണ്ട്.
മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നവരുടെ സങ്കേതമാണ് ഇവിടം. കഴിഞ്ഞ ദിവസം ഇവിടെ മദ്യപാനികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ക്വാര്‍ട്ടേഴ്സിന് സമീപം തീയിടുകയും ചെയ്തിരുന്നു.കണ്ണൂര്‍ റെയില്‍വേ യാര്‍ഡിലെ രണ്ടാമത്തെ സംഭവമാണിത്. 2014 ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4.45 ന് കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ യുവാവ് സ്ത്രീക്കുനേരേ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയിരുന്നു.പൊള്ളലേറ്റ മലപ്പുറം കൊണ്ടോട്ടി കിടങ്ങല്ലൂര്‍ സ്വദേശി ഫാത്തിമ (45) മരിച്ചു. പിന്നില്‍നിന്ന് അഞ്ചാമത്തെ ബോഗിയിലായിരുന്നു ആ സംഭവം.
ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിനു രണ്ടുമാസം പ്രായമാകുമ്പോള്‍ വീണ്ടും അതേ ട്രെയിനില്‍ തീവയ്പ് നടന്നത് കൃത്യമായ ആസൂത്രണമെന്ന് സംശയം.കഴിഞ്ഞ എപ്രില്‍ രണ്ടിനായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ എലത്തൂരില്‍ തീയിട്ടത്. തുടര്‍ച്ചയായുണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ അന്വേഷണസംഘത്തിനും വെല്ലുവിളിയാകുകയാണ്.
എലത്തൂരില്‍ തീവയ്പ് ഓടുന്ന ട്രെയിനിലായിരുന്നുവെങ്കില്‍ കണ്ണൂരില്‍ ഇതേ ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോഴാണ് ബോഗിക്ക് തീവച്ചത്. എലത്തൂരിലേതുപോലെ ജീവഹാനിയുണ്ടായില്ലെന്ന് മാത്രം.മൂന്നുപേര്‍ മരിച്ച എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് ഇപ്പോള്‍ എന്‍ഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ തീവ്രവാദ സ്വഭാവം സംശയിക്കുകയും യുഎപിഎ ചുമത്തുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.
എലത്തൂര്‍ തീവയ്പ് നടന്നു മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്ന്, പ്രതിയായ ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫിയെ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സ്വയം പ്രേരിതനായി ഷാരൂഖ് തീവയ്ക്കുകയായിരുന്നുവെന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഡല്‍ഹിയിലെ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്തു. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.കണ്ണൂര്‍ തീ വയ്പിന് എലത്തൂല് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യവും ഇനി എന്‍ഐഎയ്ക്ക് അന്വേഷിക്കേണ്ടിവരും. ഷാരൂഖിന് കേരളത്തില്‍നിന്നു സഹായം ലഭിച്ചുവെന്ന സംശയമുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും.
എന്‍ഐഎക്കെതിരേ ഗുരുതരമായ ആരോപണവുമായി ഷാരൂഖ് സെയ്ഫി രംഗത്തെത്തിയിരുന്നു. നോട്ടീസില്ലാതെ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ചോദ്യം ചെയ്തുവെന്നായിരുന്നു പരാതി.
ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണമെന്ന ആവശ്യവും പ്രതി കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ഈ അപേക്ഷ കോടതി തള്ളി.ഷാരൂഖിന്റെ സുഹൃത്ത് മുഹമ്മദ് മോനിസിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മോനിസിനൊപ്പം പിതാവ് മുഹമ്മദ് റഫീഖും എത്തിയിരുന്നു.
പിന്നാലെ മുഹമ്മദ് റഫീഖിനെ എറണാകുളത്തെ ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഷാരൂഖ് കോടതിയെ സമീപിച്ചത്.