ടിവി ഷോയില്‍ ലൈംഗീക ബന്ധത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും ബിസിസിഐയുടെ കാരണംകാണിക്കല്‍ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് താരങ്ങള്‍ക്ക് ബിസിസിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. കോഫി വിത്ത് കരണ്‍ എന്ന പ്രശസ്തമായ പരിപാടിയിലായിരുന്നു സ്ത്രീവിരുദ്ധ പരാമര്‍ശം ഹാര്‍ദിക്ക് നടത്തിയത്.
നിരവധി സ്ത്രീകളുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ഹാര്‍ദിക്ക് ഷോയില്‍ പറഞ്ഞിരുന്നു. മാതാപിതാക്കള്‍ ലൈംഗിക ജീവിതത്തെ സംബന്ധിച്ച് തന്നോട് ചോദിക്കുകയില്ല. പക്ഷേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം അക്കാര്യം താന്‍ തന്നെ അവരോട് പറയുമെന്നും ഹാര്‍ദിക്ക് വെളിപ്പെടുത്തിയിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഹാര്‍ദിക്ക് ട്വിറ്ററിലൂടെ ക്ഷമ പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ഹാര്‍ദിക്ക് പറഞ്ഞു. ഷോയുടെ മൂഡില്‍ സംഭവിച്ചു പോയതാണ്. താന്‍ കാരണം മനസ് വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നതായിട്ടും താരം ട്വിറ്റിലെഴുതി. പക്ഷേ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കെ എല്‍ രാഹുല്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഷോ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ഹാര്‍ദിക്കിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇതോടെയാണ് ബിസിസിഐ താരങ്ങളോട് വിശദീകരണം ചോദിച്ചത്.
നിലവില്‍ ഓസ്ട്രേലയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ അംഗമാണ് പാണ്ഡ്യ. ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് പരിക്ക് ഭേദമായതിനെ തുടര്‍ന്ന് പാണ്ഡ്യ ടീമിനൊപ്പം ചേര്‍ന്നത്. ഈ മാസം 12 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിലും പാണ്ഡ്യ അംഗമാണ്. അതേസമയം നിലവിലെ സാഹചര്യത്തില്‍ പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. താരങ്ങള്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഇത്തരം ഷോകളില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും ബിസിസിഐ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.