കോഴിക്കോട്: മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ വിജയകരമായി പൂര്‍ത്തിയായി.കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്ന് എത്തിച്ച ഹൃദയം കോഴിക്കോട്ടെ തൊണ്ടയാട്ടെ മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍ ആശുപത്രിയില്‍ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.വെടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച മട്ടന്നൂര്‍ സ്വദേശി വിജേഷിന്റെ ഹൃദയം, മഞ്ചേരി മുള്ളംപാറ കള്ളാടിത്തൊടി കെ.ടി ഷംസുദീനാണ് (54) സ്വീകരിക്കുന്നത്. വിജേഷിന്റെ രണ്ടു കണ്ണുകളും വൃക്കയും കരളും ദാനം ചെയ്തിട്ടുണ്ട്.ആറുമണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വിജേഷിന്റെ ഹൃദയം ഷംസുദീനില്‍ തുടിച്ചു തുടങ്ങിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മട്ടന്നൂര്‍ അയ്യല്ലൂര്‍ വട്ടപ്പറമ്പിലെ കശുമാവിന്‍ തോട്ടത്തില്‍ വച്ചാണ് വിജേഷിനു വെടിയേറ്റത്. കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പൊലീസ് പറയുന്നത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ഓടെ വിജേഷിനു മസ്തിഷ്‌കമരണം സംഭവിച്ചു. തുടര്‍ന്ന് ഹൃദയം അടക്കമുള്ള അവയവങ്ങള്‍ ദാനംചെയ്യാന്‍ മാതാപിതാക്കളും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.
ഇക്കാര്യം ആശുപത്രി അധികൃതര്‍ വഴി സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് തൊണ്ടയാട്ടെ മെട്രോ ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിനു ഹൃദയം കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെ 5.20ന് ഹൃദയവുമായി ആംബുലന്‍സ് ആശുപത്രിയിലെത്തി. അപ്പോഴേക്കും രോഗിയെ ശസ്ത്രക്രിയക്ക് തയ്യാറാക്കിയിരുന്നു. ഹൃദയം എത്തിയ ഉടനെ ശസ്ത്രക്രിയ ആരംഭിച്ചുവെന്ന് ആശുപത്രി മാനേജര്‍ ശിവപ്രസാദ് പറഞ്ഞു. ഡോ. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ അശോക്, രോഹിക്, ശിശില്‍ ബാലകൃഷ്ണന്‍, അബ്ദുള്‍ റിയാസ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്.