‘ഹൃദയമിടിപ്പുകളുടെ താളപ്പിഴ’ഇത് അറ്റാക്കിനേക്കാള്‍ അപകടകാരി

തിരുവനന്തപുരം:ഹൃദ്രോഗം എന്നാല്‍ മലയാളിയെ സംബന്ധിച്ച് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള രോഗമാണ്. എന്നാല്‍, നിശബ്ദവും മാരകവുമായ മറ്റൊരു ഹൃദ്രോഗത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
ഹൃദയമിടിപ്പുകളുടെ താളത്തെ നിയന്ത്രിക്കുകയും താളപ്പിഴകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരു കൂട്ടം നാഡികള്‍ ഹൃദയത്തിനുള്ളില്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ താളപ്പിഴകള്‍ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യും. വളരെ നിശബ്ദമെങ്കിലും ഭയാനകമായ ഭവിഷ്യത്തുക്കള്‍ ഇതിന്റെ ഫലമായി ഉണ്ടാകാം.തലചുറ്റല്‍, ബോധക്ഷയം, നെഞ്ചിടിപ്പ് തുടങ്ങിയവ ഇതിന്റെ രോഗലക്ഷണങ്ങളാണ്.മറ്റുചിലരില്‍ ഹൃദയപേശികളെ ബാധിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്ന അവസ്ഥവരെ എത്തിച്ചേക്കാം.പേസ്മേക്കര്‍ എന്ന ഉപകരണമാണ് ഇങ്ങനെയുള്ള അവസ്ഥകളില്‍ ഘടിപ്പിക്കുന്നത്. പേസ്മേക്കര്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ‘ഹൃദയമിടിപ്പുകളുടെ ക്രമീകരണം’ എന്നാണ്. വളരെ കുറഞ്ഞ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയത്തിന്റെ ഗതിയെ തിരിച്ചറിഞ്ഞ് കൃത്രിമമായി ഹൃദയമിടിപ്പുകളെ പ്രദാനം ചെയ്യുക എന്നതാണ് ഈ ഉപകരണത്തിന്റെ ധര്‍മ്മം. കഴിവതും സ്വതസിദ്ധമായ നെഞ്ചിടിപ്പുകളെ അനുവദിക്കുകയും ആവശ്യമായ സാഹചര്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തരത്തില്‍ ഇതിനെ പ്രോഗ്രാം ചെയ്യാന്‍ സാധിക്കും.
രോഗിയെ ബാധം കെടുത്താതെ വളരെ ലളിതമായ ഒരു ശസ്ത്രക്രിയ വഴി പേസ്മേക്കര്‍ ഘടിപ്പിക്കാവുന്നതാണ്. ഈ യന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഐഡിസി അഥവാ ഇംപ്ളാന്റബിള്‍ കാര്‍ഡിയോവേര്‍ട്ടര്‍ ഡെഫിബ്രില്ലേറ്റര്‍. പെട്ടെന്നുണ്ടാകുന്ന ബോധക്ഷയത്തെ തുടര്‍ന്നുള്ള മരണത്തില്‍ നിന്ന് ഷോക്ക് നല്‍കി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകാാെണ്ടുവരുവാന്‍ ഈ യന്ത്രത്തിനു കഴിയും.
ടെക്നോളജിയുടെ മുന്നേറ്റം അവിടെയും അവസാനിക്കുന്നില്ല. ഹൃദയപേശികളുടെ തളര്‍ച്ചമൂലം മരണം സംഭവിക്കുക സാധാരണമാണ്. ഹൃദയം മാറ്റിവയ്ക്കല്‍ എന്ന അവസാന വാക്കിനു തൊട്ടുമുമ്പ് മറ്റൊരു തരത്തില്‍ പേസ്മേക്കര്‍ ചില പ്രത്യേകതരം രോഗികളില്‍ ഘടിപ്പിക്കാം. ഇതിനെ കാര്‍ഡിയാക് റീസിന്‍ക്രണൈസേഷന്‍ തെറാപ്പി എന്നുവിളിക്കുന്നു. സദാ പ്രവര്‍ത്തനക്ഷമമായ ഈ ഉപകരണം നല്ലൊരു ശതമാനം രോഗികളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഉപകരിച്ചിട്ടുണ്ട്.
മറ്റൊരു ചികിത്സാരീതിയായ റേഡിയോ ഫ്രീക്വന്‍സി അബ്ളേഷന്‍ ഹൃദയത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ടുകളെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്ന ചികിത്സാരീതിയാണ്. അതായത്, താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാല്‍ ജിവിതത്തിന്റെ താളം തെറ്റില്ല.

Top