
വാൻകൂവർ: പടിഞ്ഞാറൻ കാനഡയിൽ ശക്തമായ കൊടുങ്കാറ്റിനെയും മിന്നൽ പ്രളയത്തെയും തുടർന്ന് ബ്രിട്ടീഷ് കൊളംബിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയിലെ റോഡ്, റെയിൽ ബന്ധങ്ങൾ തകർന്നതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊടുങ്കാറ്റിലും പേമാരിയിലും ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്ത് ഒറ്റപ്പെട്ടിരിക്കുന്നത്.
വാൻകൂവറിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള ലില്ലൂട്ട് നഗരത്തിലെ ഹൈവേയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. ഗതാഗതക്കുരുക്കിനിടെ സമീപത്തെ കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. മിന്നൽപ്രളയത്തിൽ വാൻകൂവറിലേക്കുള്ള റോഡ്, റെയിൽ പാതകൾ തടസപ്പെട്ടു.
വാൻകൂവറിനെ കാനഡയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈ വേയും ബ്രിട്ടീഷ് കൊളംബിയയിലെ മറ്റു ഭാഗങ്ങളുമായി വാൻകൂവറിനെ ബന്ധിപ്പിക്കുന്ന ഹൈവേയും വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. മെറിറ്റ് പട്ടണത്തിലെ ഏഴായിരം പേരെ ഒഴിപ്പിച്ചുമാറ്റിയിരുന്നു. മലയോരപട്ടണമായ ആഗാസിസിൽ കുടുങ്ങിയ മൂന്നൂറോളം പേരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ അയച്ചു.
അതേസമയം, വാഷിംഗ്ടൺ ഡിസി സന്ദർശന വേളയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സഹായം വാഗ്ദാനം ചെയ്തു. പ്രദേശത്തിൻറെ പുനർനിർമാണത്തിന് സൈന്യം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാൻകൂവർ തുറുമുഖത്തേക്കുള്ള റെയിൽ പാതകൾ തടസപ്പെട്ടത് രാജ്യമൊട്ടാകെ ഭക്ഷണ, ഇന്ധന വിതരണം തടസപ്പെടുത്തിയേക്കുമെന്ന ആശങ്കയുണ്ട്.