മുംബൈ: കനത്തമഴയെ തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തില്‍. ഗതാഗതം സ്തംഭിച്ചു. മുംബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.മുംബൈ നഗരത്തിലും പരിസരപ്രദേശത്തും തുടരുന്ന കനത്തമഴ ജനജീവിതം താറുമാറാക്കി. റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നിരവധി സർവീസുകൾ മുടങ്ങി. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങാവൂയെന്ന് മുംബൈ കോർപറേഷൻ അധികൃതർ മുന്നറിയിപ്പു നല്കി.കനത്തമഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ താനെയിൽ സ്ത്രീയും പെൺകുട്ടിയും മരിച്ചു. സായിനാഥ് ഷേക്ക്(32), ഗൗരി ജലിവാർ(14) എന്നിവരാണ് വെള്ളം നിറഞ്ഞ ഓടയിൽ വീണു മരിച്ചത്.
നഗരത്തിലും നവി മുംബൈ, താനെ എന്നിവിടങ്ങളിലും തിങ്ക ളാഴ്ച രാത്രി മുതൽ മഴ തുടരുകയാണ്. സബർബൻ ട്രെയിൻ ഗതാഗതം പൂർണമായും മുടങ്ങി. അടുത്ത 48 മണിക്കൂറിൽ മഹാരാഷ്‌ട്ര, ഗുജറാത്ത്, ഗോവ തീരങ്ങളിൽ കനത്ത മഴയുണ്ടാവുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കി. വെള്ളക്കെട്ടിനെത്തുടർന്ന് നഗരത്തിലെ പ്രധാന പാതകളിലെല്ലാം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.
ഈസ്റ്റേൺ ആൻഡ് വെസ്റ്റേൺ ഹൈവേ, സിയോൺ- പനവേൽ ഹൈവേ, എൽബിഎസ് മാർഗ് തുടങ്ങിയ പ്രധാന റോഡുകൾ തിങ്കളാഴ്ച രാത്രി മുതൽ ഗതാഗതക്കുരുക്കിലാണ്. നഗരത്തിലെ താഴ്ന്നപ്രദേശങ്ങളായ പരേൽ, സിയോൺ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരക്കേറിയ സാത്ത് രസ്ത റോഡിലേക്കു മരം കടപുഴകി ഗതാഗതം തടസപ്പെട്ടു.
വെസ്റ്റേൺ, സെൻട്രൽ, ഹാർബർ ലൈനുകളിലൂടെയുള്ള സബർബൻ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അന്ധേരി, ബാന്ദ്ര എന്നിവിടങ്ങളിലെ റെയിൽപാളം വെള്ളത്തിൽ മുങ്ങി. നിരവധി ഇടങ്ങളിൽ മരം വീണ് അപകടമുണ്ടായതായി റിപ്പോർട്ടുണ്ട്. മുംബൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവ ധിയാണ്.
കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പാളം തകർന്ന് നാഗ്പുർ-മുംബൈ തുരന്തോ എക്സ്പ്രസിന്‍റെ ഒന്പതു കോച്ചുകൾ പാളം തെറ്റി.12 പേർക്കു പരിക്കേറ്റു. വസിന്ദ്, അസാൻഗാവ് സ്റ്റേഷനുകൾക്കിടയിലാണു ട്രെയിൻ പാളം തെറ്റിയത്. ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു സംഭവം. കനത്ത മഴയെത്തുടർന്നു പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിലാണു ട്രെയിൻ പാളം തെറ്റിയത്. ഡ്രൈവറുടെ മനഃസാന്നിധ്യമാണ് വൻ അപകടം ഒഴിവാക്കിയത്. ആകെ 18 കോച്ചുകളാണു ട്രെയിനിനുണ്ടായിരുന്നത്.
കനത്ത മഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു മഹാരാഷ്‌ട്രയിൽ മൂന്നു കുട്ടികൾ മരിച്ചു. 32 കുട്ടികൾക്കു പരിക്കേറ്റു. അഹമ്മദ്നഗറിലെ നിംബോഡിയിലെ ജില്ലാ പരിഷത് സ്കൂളിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദുരന്തം. ശ്രേയസ് രഹാനെ(11), വൈഷ്ണവി പോടെ(11), സുമിത് ഭിംഗാർദൈവ്(11) എന്നിവരാണു മരിച്ചത്. അഞ്ചാം ക്ലാസിന്‍റെ മേൽക്കൂരയാണു തകർന്നത്. 18 കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. രണ്ടു മണ്ണുമാന്തികളെത്തിച്ചാണു കുട്ടികളെ രക്ഷപ്പെടുത്തിയത്.