ന്യൂഡല്‍ഹി : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനുള്ള ഹിന്ദു യുവതിയുടെ നീക്കം പിതാവ് പൊളിച്ചു. ഡല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ നീക്കം ശ്രദ്ധയില്‍പ്പെട്ട പിതാവ് ഇക്കാര്യം എന്‍ഐഎയെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് സഹായം അഭ്യര്‍ഥിച്ച് ദേശീയ അന്വേഷണ ഏജന്‍സിയെ സമീപിച്ചതായി ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സേനയില്‍ നിന്നും വിരമിച്ച ലഫ്റ്റനന്റ് കേണലിന്റെ മകളാണു പെണ്‍കുട്ടി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്ത പെണ്‍കുട്ടി ബിരുദാന്തര ബിരുദം നേടാനായാണ് ഓസ്ട്രേലിയയ്ക്കു പോയത്. എന്നാല്‍ അവിടെ നിന്നും തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി ആകെ മാറിയതായി പിതാവിനു മനസ്സിലായി. മകളുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ പിതാവു പെണ്‍കുട്ടിയുടെ കംപ്യൂട്ടര്‍ പരിശോധിച്ചു. ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നവരുമായി മകള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സിറിയയിലേക്കു പോകാന്‍ തീരുമാനിച്ചതായും പിതാവ് മനസ്സിലാക്കി. അദ്ദേഹം ഉടന്‍ തന്നെ ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) അറിയിക്കുകയായിരുന്നു.
മതം മാറിയതിനു ശേഷം ഓസ്ട്രേലിയയില്‍ നിന്നും സിറിയയിലേക്കു പോകാനാണു പെണ്‍കുട്ടി പദ്ധതിയിട്ടിരുന്നത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് വഴി യുവാക്കള്‍ ഐഎസിലേക്കു ചേരുന്നതായി ഇന്ത്യയ്ക്കു നേരത്തെ തന്നെ വിവരം ലഭിച്ചിട്ടുണ്ട്. ഈ പ്രശ്നം നേരിടുന്ന മറ്റൊരു പ്രധാന രാജ്യമാണ് ഓസ്ട്രേലിയ. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ 2.2 ശതമാനം മുസ്‍ലിംകളാണ്. ഐഎസില്‍ ചേരാനായി നിരവധി പേര്‍ രാജ്യം വിട്ട് സിറിയയിലേക്ക് ഇപ്പോഴും പോകുന്നുണ്ട്.