തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പാവപ്പെട്ടവരുടെ കയ്യേറ്റങ്ങള്‍ ബുള്‍ഡോസര്‍ കൊണ്ട് ഒഴിപ്പിക്കുന്ന സർക്കാർ തോമസ് ചാണ്ടി വിഷയത്തില്‍ കണ്ണടക്കുന്നു

കൊച്ചി:സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കയ്യേറ്റ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പൊതു നിലപാട് എന്തെന്ന് ചോദിച്ച കോടതി സാധാരണക്കാരുടെ കയ്യേറ്റങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നേരിടാറില്ലേ എന്നും സര്‍ക്കാരിനോട് ചോദിച്ചു.തോമസ് ചാണ്ടിക്കെതിരേ തൃശൂര്‍ സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരേ കോടതി വിമര്‍ശനം ഉന്നയിച്ചത്. കയ്യേറ്റ വിഷയങ്ങളില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയാണോ എന്നും സാധാരണക്കാരോടും ഇതേ നിലപാടാണോ എന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കോടതിക്കു മുന്നില്‍ എല്ലാവരും സമന്മാരാണ്. എല്ലാവര്‍ക്കും തുല്യ നീതി എന്നതാണ് കോടതി നിലപാട്. തോമസ് ചാണ്ടിക്കെതിരായ കേസുകള്‍ ഒന്നിച്ചാക്കണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. അതേസമയം, തോമസ് ചാണ്ടിക്കെതിരായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കോടതിയില്‍ പറഞ്ഞ സര്‍ക്കാര്‍ ഇത് എന്ന് പൂര്‍ത്തിയാകുമെന്ന ചോദ്യത്തിന് മൗനം പാലിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയതായും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി മറുപടി നൽകി. പൊതുസ്ഥലം കൈവശപ്പെടുത്തി ടൂറിസ്റ്റ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചത് കേരള ഭൂ സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്നും ഇതിനെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ളതാണു ഹർജി. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതില്‍നിന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമിനിക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പിന്‍മാറിയിരുന്നു. കായൽ കൈയേറ്റത്തിനു പുറമേ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കന്പനി നടത്തിയ നിയമലംഘനങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും ഇതുവരെ നടപടിയെടുത്തില്ലെന്നും തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാൻ മടിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.

അതേസമയം മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ വിജിലൻസ് അന്വേഷണ സംഘത്തെ നിയോഗിച്ചു. കോട്ടയം വിജിലൻസ് എസ്പിക്കാണ് അന്വേഷണ ചുമതല. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. 30 ദിവസത്തിനകം കേസ് അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.

എംപിമാരുടെ ഫണ്ട് ഉപയോഗിച്ചു നിലംനികത്തി ആലപ്പുഴ ലേക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിനു നഷ്ടമുണ്ടായെന്ന പരാതിയിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിനു കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടത്. തോമസ് ചാണ്ടി നിലം നികത്തിയിട്ടില്ലെന്ന സർക്കാർ വാദം തള്ളിയ സ്പെഷൽ വിജിലൻസ് ജഡ്ജി വി. ദിലീപ് ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.വലിയകുളം മുതൽ സീറോ ജെട്ടിവരെ ഒരു കിലോമീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലും രണ്ടര ഏക്കറോളം നിലം നികത്തി റിസോർട്ടിലേക്കു റോഡ് നിർമിച്ചെന്നാണു പരാതി.

Top