ജാമ്യം കിട്ടില്ല ?..ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഇന്ന് നിര്‍ണ്ണായക ദിനം.ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു 10.15ന് വിധി പറയും. റിമാന്‍ഡില്‍ പത്ത് ദിവസം കഴിയുമ്പോഴാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നത്. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ജാമ്യം തള്ളിയാല്‍ ദിലീപ് റിമാന്‍ഡ് തടവുകാരനായി ആലുവ സബ് ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വരും. തന്റെ മാനേജര്‍ അപ്പുണ്ണി പിടിയിലാകുന്നതിന് മുന്‍പ് ജാമ്യം നേടാനാണ് ദിലീപിന്റെ ശ്രമം.

കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. ദിലീപിന്റെ ഒളിവിൽ കഴിയുന്ന സഹായി സുനിൽരാജിന്റെ (അപ്പുണ്ണി) മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായും സഹതടവുകാരൻ വിഷ്ണുവുമായും നേരിട്ടു ബന്ധപ്പെട്ടുവെന്നു പൊലീസ് പറയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താനാകാത്തതു പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ ദിലീപിനൊപ്പം അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനുശേഷം ഇയാളെ നിരീക്ഷണത്തിൽ വയ്ക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് ഒളിവിൽ പോകാനിടയാക്കിയത്. അപ്പുണ്ണിയെയും ദിലീപിനെയും കസ്റ്റഡിയിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതു മനസിലാക്കി, ദിലീപിനു ജാമ്യം ലഭിക്കുന്നതു വരെ ഒളിവിൽ തുടരാൻ അപ്പുണ്ണിക്കു നിയമോപദേശം കിട്ടിയതായി വിവരമുണ്ട്. അതേസമയം, ദിലീപുമായി അടുപ്പം പുലർത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വൻ തുക നിക്ഷേപിക്കപ്പെട്ടതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു സിനിമകളിൽ മാത്രമാണ് ദിലീപിനൊപ്പം അഭിനയിച്ചതെങ്കിലും ഈ നടിയുമായി നടന് അടുത്ത സൗഹൃദമുണ്ട്. യുവനടി ഉപദ്രവിക്കപ്പെട്ടതിനു ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത് എന്നതിനാൽ ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.ചോദ്യം ചെയ്യലിന് ശേഷം യുവ നടിയെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

അതിനിടെ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് കരുതുന്ന മൊബൈല്‍ ഫോണിനെ സംബന്ധിച്ച്‌ പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ വ്യത്യസ്തമായ മൊഴികള്‍ നല്‍കുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്. മൊബൈല്‍ ഫോണ്‍, തന്റെ ജൂണിയറായ രാജു ജോസഫ് നശിപ്പിച്ചുവെന്നാണ് പ്രതീഷിന്റെ മൊഴി. എന്നാല്‍ രാജു ജോസഫ് ഇക്കാര്യം സമ്മതിച്ചിട്ടില്ല.സത്യം വെളിപ്പെടുത്താന്‍ ഇരുവര്‍ക്കും ഒരു അവസരം കൂടി നല്‍കാനാണ് പോലീസിന്റെ തീരുമാനം. തെളിവ് നശിപ്പിക്കാനോ മറച്ചുവയ്ക്കാനോ കൂട്ടു നിന്നുവെന്ന് തെളിഞ്ഞാല്‍ രാജു ജോസഫ് കൂടി കേസില്‍ പ്രതിയാകും.

Top