കന്നുകാലി കശാപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനോട് കേരള ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാനപരിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി. സജി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ല. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് എന്ന കാര്യവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം ഹര്‍ജിയില്‍ മറ്റന്നാള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേള്‍ക്കും.
അതേസമയം കോഴിക്കോട്ട് ഇറച്ചിവ്യാപാരികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കച്ചവടത്തിന് എല്ലാ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ചര്‍ച്ചയ്ക്കു ശേഷം വ്യാപാരികള്‍ അറിയിച്ചു.