കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. പ്രധാന നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി അനുവദിക്കുന്നതു പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് സുഗമമായി നടത്താന്‍ വഴിയൊരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരായി നടക്കുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു ടാക്‌സി സര്‍വീസുകള്‍ സുരക്ഷിതമാക്കണമെന്നും അവര്‍ക്കു സംരക്ഷണം നല്‍കണമെന്നും കഴിഞ്ഞ മാര്‍ച്ച് 16നു ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവു നടപ്പാക്കുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയുടെ ഭാഗമായി ഡിജിപിയോടു നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ഈ ഹര്‍ജി വീണ്ടും പരിഗണിച്ചത്.
എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ സുരക്ഷ നിരീക്ഷിക്കുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഈ ഘട്ടത്തിലാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ മറ്റു നഗരങ്ങളിലേക്കു വ്യാപിപ്പിക്കേണ്ടതാണെന്നു കോടതി അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായവും കോടതി തേടിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്നു ഡിജിപിയെ കോടതി ഒഴിവാക്കുകയും ചെയ്തു.