യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ നടന്ന അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി. നിശ്ചിത സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ക്രൈംബ്രാഞ്ച് എഡിജിപിയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. യു.എന്‍.എ. അഖിലേന്ത്യാ പ്രസിഡന്‍റ് എം ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, നിതിൻ മോഹൻ, പി. ഡി. ജിത്തു എന്നിവരുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. കേസ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
കേസ് വാസ്തവവിരുദ്ധമാണെന്നും അന്വേഷണം നീണ്ടുപോകുകയാണെന്നും ചൂണ്ടിക്കാണിച്ചാണ് ജാസ്മിന്‍ ഷാ ഹൈക്കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
അതേസമയം, കേസില്‍ പ്രതിചേര്‍ത്ത ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ വിശദീകരണം.
ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് ആരാഞ്ഞിരുന്നു. കേസിനു പിന്നിൽ തൽപരകക്ഷികളുടെ ഇടപെടലാണെന്നും സംഘടനാ ശക്തിയെ തകർക്കാനാണു ശ്രമമെന്നും ഹർജിക്കാർ ആരോപിക്കുന്നുണ്ട്. കേസിന് ആസ്പദമായി ചൂണ്ടിക്കാട്ടുന്ന ആരോപണം ശരിയല്ലെന്ന് ഇടക്കാല അന്വേഷണ റിപ്പോർട്ടുണ്ടെന്നാണ് ഹർജിക്കാരുടെ വാദം.