കൊച്ചി: ലോ അക്കാദമി ലോ കോളജിന് മുന്‍പിലെ സമരപ്പന്തല്‍ പൊളിക്കണമെന്ന പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ആവശ്യം ഹൈകോടതി തളളി. അതേസമയം, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച ഹൈകോടതി കോളജിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഉത്തരവിട്ടു.ലോ അക്കാദമി പ്രശ്നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ നടപടി സര്‍ക്കാറിന് വിട്ടുകൊണ്ടുള്ള കേരള സര്‍വ്വകലാശാല റിപ്പോര്‍ട്ടിന്മേലാണ് തീരുമാനം ഉണ്ടാകുക. ഇന്നലെ രാത്രി വൈകി മാനേജ്മെന്റും വിദ്യാര്‍ത്ഥികളുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേസമയം, ലോ അക്കാദമിയില്‍ തുടരുന്ന വിദ്യാര്‍ഥി സമരത്തില്‍ സി.പി.എം വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ നിലപാട് മയപ്പെടുത്തി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കേണ്ടതില്ലെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി. പ്രിന്‍സിപ്പലിന്‍റെ ചുമതലകളില്‍ നിന്ന് ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റിയാല്‍ മതിയെന്നാണ് എസ്.എഫ്.ഐയുടെ പുതിയ നിലപാട്.