കൊച്ചി: സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് റെയ്ഡ് ചെയ്ത വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെ രാഷ്ട്രീയക്കാരും മുഖ്യമന്ത്രിയും വേട്ടയാടുന്നുവെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കൊടുത്ത പൊതുതാല്‍പര്യ ഹരജി പിൻവലിച്ചു. ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനാൽ ആയിരുന്നു ഈ പിൻവലിയൽ . വസ്‌തുതകളുടെ അടിത്തറയില്ലാത്ത, പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ഹര്‍ജി തള്ളണോ അതോ പിന്‍വലിക്കുന്നോ എന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജിക്കാരായ പബ്ലിക് ഐ എന്ന സംഘടനയോട് ചോദിച്ചു. തുടര്‍ന്ന് അവര്‍ ഹര്‍ജി പിന്‍വലിച്ചു.
ചൈത്രയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ രണ്ട് ഉന്നതോദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നതായി മാധ്യമവാര്‍ത്തകളുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. റെയ്ഡ് നിയമപ്രകാരമാണോ നടത്തിയതെന്ന് പരിശോധിക്കുന്നതില്‍ എന്താണ് തെറ്റെന്ന് കോടതി ചോദിച്ചു. മേലുദ്യോഗസ്ഥര്‍ റെയ്ഡ് നിയമപ്രകാരമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മുഖ്യമന്ത്രി മറിച്ചൊരു തീരുമാനം എടുക്കാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. എന്താണ് ഹര്‍ജിക്കാരുടെ യഥാര്‍ഥ താല്‍പ്പര്യമെന്നായിരുന്നു കോടതിയുടെ മറുചോദ്യം.
ഉദ്യോഗസ്ഥ മിടുക്കിയാണെന്നും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നിരവധി വാര്‍ത്ത വരുന്നുണ്ടെന്നും റെയ്ഡ് ശരിയായില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാര്‍ വിശദീകരിച്ചു. മുഖ്യമന്ത്രി ഒരു അഭിപ്രായം പറഞ്ഞതിന് എന്തിനാണ് ഹര്‍ജി നല്‍കിയതെന്ന് കോടതി ചോദിച്ചു. ചൈത്രയ്‌ക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ. നടപടിയുണ്ടാകുമെന്നു പറയുന്ന ഉദ്യോഗസ്ഥ പരാതിയുമായി വന്നിട്ടില്ല. ഉദ്യോഗസ്ഥ മിടുക്കിയാണെന്ന ഹര്‍ജിക്കാരുടെ സര്‍ട്ടിഫിക്കറ്റില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് കോടതി പറഞ്ഞു.
മാധ്യമവാര്‍ത്തകള്‍ കണ്ടല്ല കോടതി പ്രവര്‍ത്തിക്കുക. മാധ്യമവാര്‍ത്തകള്‍ മുന്നിലെത്തുകയാണെങ്കില്‍ അതീവ ജാഗ്രതയോടെയാണ് അത് പരിശോധിക്കുക. റെയ്ഡ് നിയമപ്രകാരമാണെന്ന് മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് നിങ്ങള്‍തന്നെ പറയുമ്പോള്‍ സംസ്ഥാനത്ത് നിയമവാഴ്‌ചയില്ലെന്ന് എങ്ങനെയാണ് പറയാനാവുക. നിയമവാഴ്ച ശക്തമാണെന്നാണ് നിങ്ങളുടെ പ്രസ്‌താവന തെളിയിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യം മറ്റെല്ലാവരെയുംപോലെ മുഖ്യമന്ത്രിക്കുമുണ്ട്. അദ്ദേഹത്തിന് മനസ്സില്‍ തോന്നിയതൊക്കെ പറയാം. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് നിങ്ങള്‍ പറയുന്നു.
അങ്ങനെയുണ്ടായില്ലെങ്കില്‍ ഈ ഹര്‍ജികൊണ്ട് എന്താണ് കാര്യം. നിയമവാഴ്‌ച എവിടെ പരാജയപ്പെട്ടെന്നാണ് നിങ്ങള്‍ പറയുന്നതെന്നും കോടതി ചോദിച്ചു. ചൈത്ര ഭീഷണിയുടെ മുന്നിലാണ് നില്‍ക്കുന്നതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. ഉന്നതോദ്യോഗസ്ഥര്‍ അവരെ കുറ്റവിമുക്തരാക്കിയെന്ന് നിങ്ങള്‍തന്നെ പറയുമ്പോള്‍ എന്തു ഭീഷണിയാണ് നിലവിലുള്ളതെന്ന് കോടതി തിരിച്ച് ചോദിച്ചു. തെറ്റായ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്.
സംസ്ഥാനം ഭരിക്കുന്ന പാര്‍ടിയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ നിയമവാഴ്ച ഭദ്രമാണ്. തുടര്‍ന്നാണ് ഹര്‍ജി തള്ളണോ അതോ പിന്‍വലിക്കുകയാണോ എന്ന് കോടതി ചോദിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിക്കാനാകുമോയെന്ന് ഹര്‍ജിക്കാര്‍ ചോദിച്ചു. ഇല്ലെന്ന് കോടതി മറുപടി പറഞ്ഞു. തുടര്‍ന്നാണ് പിന്‍വലിച്ചത്. എറണാകുളത്തെ പബ്ലിക് ഐ എന്ന സംഘടനയാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി പ്രതികളെ പിടികൂടാനെത്തിയ പോലിസ് ഉദ്യോഗസ്ഥ നിയമാനുസരണം പ്രവര്‍ത്തിച്ചിട്ടും അവരെ ഭീഷണിപ്പെടുത്തുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഹരജയില്‍ ആവശ്യപ്പെട്ടത്.