കൊച്ചി: ഹാദിയയുടേയും അമ്മയുടെയും ദൃശ്യങ്ങൾ അനുമതിയില്ലാതെ ഫേസ്ബുക്കിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. അടുത്ത വ്യാഴാഴ്ച വരെ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം.രാഹുല്‍ ഇശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചശേഷമാണ് ഹൈക്കോടതി അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞത്
അനുമതിയില്ലാതെ ഹാദിയയുടേയും അമ്മയുടേയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടുവെന്നാണ് ഹാദിയയുടെ പിതാവ് അശോകൻ പോലീസിൽ പരാതി നൽകിയത്. വൈക്കം പോലീസ് സ്റ്റേഷനിലാണ് ഹാദിയയുടെ പിതാവ് പരാതി നൽകിയത്. മൂന്നുമാസമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പോലീസ് കാവലിലാണ് ഹാദിയ കഴിയുന്നത്.ഹാദിയയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ കയറിയത്. രാഹുൽ ഹാദിയയുടെ വീട്ടില്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് നേരത്തെ അശോകന്‍റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.
ഹാദിയയെ വൈക്കത്തെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. ഇതിന്റെ ഫോട്ടോകളും വീഡിയോകളും രാഹുല്‍ ഈശ്വര്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് ഹാദിയയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തായത്. യുവതി ഇപ്പോഴും വീട്ടിലെ മുറിയില്‍ കഴിയുകയാണെന്നും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും കേരള സമൂഹത്തിന് ബോധ്യമായ സംഭവവും ഇതായിരുന്നു. രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ ഫോട്ടോകള്‍ പുറത്തുവിട്ടതാണ് അദ്ദേഹത്തിനെതിരായ കേസിന് ആധാരം.പക്ഷേ, പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പിഴവ് കോടതി ചൂണ്ടിക്കാട്ടി. വിശ്വാസ വഞ്ചന എന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതില്‍ എന്താണ് വിശ്വാസ വഞ്ചന എന്ന ചോദ്യം സ്വാഭാവികമാണ്.രാഹുല്‍ ഈശ്വറിനെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോപിക്കപ്പെട്ട കുറ്റം ഐടി നിയമത്തിന് കീഴില്‍ വരുന്നതാണെന്നും കോടതി വ്യക്തമാക്കി.