വാഷിങ്ടന്‍ :പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരരുടെ കയ്യില്‍ എത്തിയാല്‍ അവര്‍ ന്യൂക്ലിയര്‍ ചാവേറുകളായി മാറുമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍
ഇന്ത്യയോട് കടുത്ത ശത്രുത പുലര്‍ത്തുന്ന പാകിസ്താന്‍ വളരെ വേഗത്തിലാണ് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത്. ഒരുപക്ഷേ ജിഹാദികള്‍ പാക്ക് ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം കൈവശപ്പെടുത്തിയേക്കാം. അങ്ങനെ വന്നാല്‍ ആണവായുധങ്ങളും ജിഹാദികളുടെ കയ്യില്‍ കിട്ടുമെന്ന് ഹിലരി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ വിര്‍ജീനിയയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് ഹിലരി ഇങ്ങനെ അഭിപ്രായപ്പെട്ടത്. റഷ്യ, ചൈന, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ആണവായുധ ശേഖരണത്തില്‍ വലിയ രീതിയില്‍ മുന്നേറുകയാണ്. ചിന്തിക്കാന്‍പോലും കഴിയാത്ത രീതിയില്‍ ഇതു ഭയപ്പെടുത്തുന്നുവെന്നും ഹിലരി പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന് അടുത്തിടെ പാക്ക് പ്രതിരോധമന്ത്രി ഖൗജ ആസിഫ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് പാകിസ്താന്റെ ഓരോ നീക്കവും യുഎസ് നിരീക്ഷിക്കുന്നത്.
അതേസമയം ഐക്യരാഷ്ട്ര സഭ നിര്‍ദ്ദേശിച്ച ഭീകരസംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാകിസ്താന് സന്ദേശവുമായി അമേരിക്ക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവുവരുത്തണമെന്നും വൈറ്റ് ഹൗസ് ആഹ്വാനം ചെയ്യുന്നു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ വിമര്‍ശനവുമായെത്തിയ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പവും അമേരിക്ക ഉണ്ടായിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നടപടിയെ വിമര്‍ശിച്ച അമേരിക്ക ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തില്‍ 38 ഭീകരരെ വധിച്ചതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തണമെന്ന ആഹ്വാനത്തോടെ രംഗത്തെത്തുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അസ്വാരസ്യങ്ങളെ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിച്ചത് അതീവ സുരക്ഷാ മേഖലയായ ഉറി ഭീകരാക്രമണമായിരുന്നു.