ന്യൂഡല്‍ഹി: അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരളാ സൈബര്‍ വാരിയേഴ്‌സ്. ഹാക്ക് ചെയ്തവര്‍ സൈറ്റില്‍ നാടന്‍ ബീഫ് കറി ഉണ്ടാക്കുന്ന രുചിക്കൂട്ട് പോസ്റ്റ്‌ചെയ്തു. ബീഫ് കഴിക്കാത്ത മലയാളികള്‍ക്ക് മാത്രം സഹായമെത്തിക്കണമെന്ന ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണിയുടെ പ്രസ്താവനയാണ് പ്രകോപനത്തിന് കാരണം.
വ്യക്തിത്വം നോക്കിയാണ് ഒരാളെ ബഹുമാനിക്കേണ്ടതെന്നും അല്ലാതെ അയാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ രീതി നോക്കിയല്ലെന്നും സംഘം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാളികള്‍ അടങ്ങുന്ന എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പാണ് കേരള സൈബര്‍ വാരിയേഴ്‌സ്.
മലയാളികളില്‍ ചിലര്‍ ബീഫ് കഴിക്കുന്നത് കൊണ്ടും അത് കടകളിലൂടെ കച്ചവടം ചെയ്യുന്നത് കൊണ്ടുമാണ് കേരളത്തില്‍ പ്രളയമുണ്ടായതെന്ന ചക്രപാണിയുടെ പ്രസ്താവന വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബീഫ് കഴിക്കുന്നവര്‍ പ്രകൃതിയെയും പശുവിനെ വിശുദ്ധമായി കാണുന്നവരുടെ വിശ്വാസങ്ങളെയും തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു
ഇത്തരത്തില്‍ പശുവിനെ കൊന്ന് തിന്നതിന്റെ ഫലമാണ് പ്രളയത്തിന്റെ രൂപത്തില്‍ കേരളത്തെ ബാധിച്ചത്. ബീഫ് കഴിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഒരു സഹായവും നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.