സൈബര്‍വാരിയേഴ്‌സ് ഞരമ്പന്മാരുടെ പിന്നാലെ; അശ്ലീല ചിത്രങ്ങളയക്കുന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂര്‍: സൈബര്‍ ലോകത്തെ വിറപ്പിക്കുന്ന പേരാണ് കേരള സൈബര്‍ വാരിയേഴ്‌സ് എന്നത്. കേരളത്തിലെ ഈ ഹാക്കമാരുടെ കൂട്ടം പാകിസ്ഥാനെ വിറപ്പിച്ചതിലൂടെയാണ് പേരെടുത്തത്. കൂടാതെ ചൂഷണം മാത്രം ഉത്തരവാദിത്വമാക്കിയ കുത്തക മാനേജ്‌മെന്റുകളെയും തങ്ങളുടെ പണിയുടെ ചൂട് അറിയിച്ചതാണ്. ഇപ്പോഴിതാ അവര്‍ ഞരമ്പ് രോഗികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സഹപ്രവര്‍ത്തകയെ ശല്യപ്പെടുത്തിയ ഞരമ്പുരോഗിക്ക് എട്ടിന്റെ പണിയാണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി ഇത്തവണ കൊടുത്തത്. യുവാവിനെ നല്ലനടപ്പിന് ശിക്ഷിക്കുകയും ചെയ്തു. ഇക്കാര്യം സൈബര്‍ വാരിയേഴ്‌സ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിയായ യുവാവിനെയാണ് ബ്ലൂ ആര്‍മി നല്ലനടപ്പിന് വിധിച്ചത്. മാനസാന്തരം വന്ന ചെറുപ്പക്കാരന്‍ ശിക്ഷ ഏറ്റുവാങ്ങിയശേഷം വാങ്ങി നല്‍കിയത് 20 സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വിതരണം ചെയ്തു. സഹപ്രവര്‍ത്തകന്‍ കൂടിയായ യുവാവില്‍ നിന്നും സഹികെട്ടാണ് യുവതി കേരളാ സൈബര്‍ വാരിയേഴ്‌സിനെ സമീപിച്ചത്. യുവാവില്‍നിന്ന് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ യുവതിക്ക് ലഭിച്ചിരുന്നു. ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കെസിഡബ്ല്യൂ ഞരമ്പനെ പൊക്കിയത്. ശല്യം അവസാനിപ്പിച്ചില്ലെങ്കില്‍ വിവരങ്ങള്‍ പുറത്തുവിടും എന്ന് അറിയിച്ചു. ശിക്ഷയായി നല്ല നടപ്പും വിധിച്ചു. ഇതോടെ യുവാവ് നല്ലനടപ്പിന് തയ്യാറായി.

ksw2

മലബാറിലെ ഗ്രാമീണ മേഖലയിലുള്ള ഒരു സ്‌കൂളിലെ 20 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് പഠനോപകരണങ്ങളുമായി സ്‌കൂളിലെത്തി. ബാഗ്, നോട്ടുബുക്കുകള്‍ അടക്കമുള്ളവയാണ് ഇയാള്‍ കൈമാറിയത്. ഇതിന്റെ ചിത്രങ്ങള്‍ യുവാവ് കേരള സൈബര്‍ വാരിയേഴ്‌സിന് അയച്ചുകൊടുക്കുകയും ചെയ്തു. സ്‌കൂളിലെ അദ്ധ്യാപകനെ കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി ബന്ധപ്പെട്ടു. 20 കുട്ടുകള്‍ക്കുള്ള പഠനോപകരണങ്ങള്‍ യുവാവ് ഏല്‍പ്പിച്ചുവെന്ന് അദ്ധ്യാപകന്‍ സ്ഥിരീകരിച്ചു. സൈബര്‍ വാരിയേഴ്‌സിന്റെ നിര്‍ദ്ദേശിക്കാതെ തന്നെ കുറച്ചുതുക സ്‌കൂളിന് സംഭാവനയായും നല്‍കി. എല്ലാവര്‍ഷവും 20 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു.

സെക്‌സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച നൂറു കണക്കിന് ഫേസ്ബുക്ക് പേജുകളും, ഫേസ്ബുക്ക് ഗ്രൂപ്പുകളും അടുത്തിടെ കേരള സൈബര്‍ വാരിയേഴ്‌സ് തകര്‍ത്തിരുന്നു. നേരത്തെ, ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നെഹ്‌റു കോളേജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയതതിന് പിന്നിലും കേരള സൈബര്‍ വാരിയേഴ്‌സായിരുന്നു. നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പ്രശസ്തരാണ് കേരളാ സൈബര്‍ വാരിയേഴ്‌സ് ഹാക്കര്‍മാര്‍. തെരുവുനായ വിഷയത്തില്‍ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു.

സമകാലിക വിഷയങ്ങളില്‍ സൈബര്‍ ആക്രമണത്തിലൂടെ പ്രതികരിക്കുന്ന ഒരുകൂട്ടം മലയാളി ഹാക്കര്‍മാരാണ് കേരള സൈബര്‍ വാരിയേഴ്‌സ്. രാജ്യത്തിനെതിരായ പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്കെതിരെ നിരന്തര ആക്രമണമാണ് ഇവര്‍ നടത്തുന്നത്. പാക്കിസ്ഥാന്റെ ആയിരക്കണക്കിന് വെബ്‌സൈറ്റുകളാണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ ബ്ലൂ ആര്‍മി തകര്‍ത്തത്. കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ സിസ്റ്റം അഡ്മിനിസ്റ്റേഴ്‌സ് വരെ ഉള്‍പ്പെടുന്ന ഹാക്കര്‍മാരുടെ ഒരു കൂട്ടായ്മയാണ് കേരള സൈബര്‍ വാരിയേഴ്‌സ്. വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ ഹാക്കിങ് ഉപയോഗിക്കുന്ന വിഭാഗമല്ല ഇവര്‍. മറിച്ച, വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഹാക്കിങ് നടത്തുന്നു. സമൂഹത്തിലെ അനീതികള്‍ക്ക് എതിരെയാണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ പ്രവര്‍ത്തനം.

2015 ഒക്ടോബര്‍ മുതലാണ് കേരള സൈബര്‍ വാരിയേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. 28 അംഗ ഹാക്കേഴ്‌സ് ഗ്രൂപ്പാണ് കേരളാ സൈബര്‍ വാരിയേഴ്‌സ്. ഇവരുടെ ഉദ്ദേശ്യശുദ്ധിയെ പിന്തുണയ്ക്കുന്ന സാങ്കേതിക വിദഗ്ധരെ ചേര്‍ത്ത് ഗ്രൂപ്പ് വിപുലീകരിക്കാനും ഹാക്കേഴ്‌സ് സന്നദ്ധമാണ്. ഫേസ്ബുക്കില്‍ 10000ല്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉണ്ട്. ഇവരില്‍ പലരുമാണ് പരാതി നല്‍കുന്നത്. ആ പരാതികള്‍ക്ക് മേലാണ് പരിഹാരം കാണുന്നത്. ചെറിയ പെണ്‍കുട്ടികളുടെ ഉള്‍പ്പെടെ നഗ്‌ന ചിത്രങ്ങള്‍ ലൈംഗിക സൂചനകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതാണ് ഇത്തരം ഗ്രൂപ്പുകളെ ലക്ഷ്യമിടാന്‍ കാരണമെന്ന് കേരളാ സൈബര്‍ വാരിയേഴ്‌സ് അഡ്മിന്‍ വ്യക്തമാക്കുന്നു.

പിടിക്കപ്പെടുന്ന ഞരമ്പന്മാര്‍ക്ക് നല്ലനടപ്പും പഠനോപകരണ വിതരണം, തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം, രോഗികള്‍ക്ക് സഹായം തുടങ്ങിയവയാണ് കേരള സൈബര്‍ വാരിയേഴ്‌സ് നല്‍കുന്ന ശിക്ഷ. കൊച്ചുകുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും ഇവരെ ലൈംഗിക താല്‍പ്പര്യത്തിന് ലഭ്യമാണന്ന് അറിയിച്ചും സജീവമായിരുന്ന ചില ഫേസ്ബുക്ക് പേജുകള്‍ സൈബര്‍ ക്രൈം വിഭാഗവും പൊലീസും ഇടപെട്ട് അവസാനിപ്പിച്ചിരുന്നു.

ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തിന് തടയിടാന്‍ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നും നിരവധി പേജുകളും ഗ്രൂപ്പുകളും ഇത്തരത്തില്‍ സജീവമായിരുന്നു. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റായും, ലൈംഗിക അധിക്ഷേപത്തിനും, റിവഞ്ച് പോണ്‍ സ്വഭാവത്തില്‍ പ്രതികാരനീക്കങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതാണ് ഇവയില്‍ കൂടുതല്‍ പേജുകളും ഗ്രൂപ്പുകളും. ഹാക്ക് ചെയ്ത പേജുകളിലെ പ്രൊഫൈല്‍ ചിത്രം കേരള സൈബര്‍ വാരിയേഴ്‌സ് എന്നാക്കി മാറ്റിയിട്ടുണ്ട്.

Top