ഉപതെരഞ്ഞെടുപ്പിൽ പ്രചരണം നടത്താൻ ഉമ്മൻ ചാണ്ടിയില്ല..!! ആകെ തകർന്ന് കോൺഗ്രസ്; തൊണ്ടയിലെ അസുഖത്തിന് ചികിത്സ അമേരിക്കയിൽ

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിറച്ച് നിൽക്കുന്ന അവസ്ഥയാണ്. എന്നാല്‍ 50 വര്‍ഷക്കാലം കോട്ട പോല കാത്ത പാല വീണതോടെ യുഡിഎഫ് ക്യാംമ്പ് അങ്കലാപ്പിലാണ്. അഞ്ചിടത്ത് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ ജനസമ്മിതിയും കോൺഗ്രസിനെ വലയ്ക്കുന്നുണ്ട്. ഇതിനിടയിലാണ് യുഡിഎഫിൻ്റെ സ്റ്റാർ ക്യാമ്പയിനറായ ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ചുക്കാന്‍ പിടിക്കാന്‍ ഇക്കുറി എത്തില്ല എന്ന വാർത്ത വരുന്നത്.

സോളാര്‍ കേസും സരിത എസ് നായരുടെ ലൈംഗിക ആരോപണങ്ങളും അടക്കം പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രിയായിരുന്ന കാലത്തും അതിന് ശേഷവും ജനകീയനെന്ന ഇമേജാണ് ഉമ്മന്‍ ചാണ്ടിക്കുളളത്. സംസ്ഥാനത്ത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ താര പ്രചാരകനും ഉമ്മന്‍ ചാണ്ടി തന്നെയാണ്. എന്നാല്‍ യുഡിഎഫിന് ഏറെ നിര്‍ണായകമായ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് ശക്തി പകരാന്‍ ഇക്കുറി ഉമ്മന്‍ ചാണ്ടിയില്ല.

പതിറ്റാണ്ടുകള്‍ക്കിടെ ഇതാദ്യമായാണ് ഉമ്മന്‍ ചാണ്ടി ഇല്ലാതെ കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിറ്റിംഗ് സീറ്റായ പാല നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളില്‍ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. എല്ലായിടത്തും ശക്തമായ ത്രികോണ മത്സരമാണ്. ബിജെപിയും സിപിഎമ്മും എല്ലാ സംഘടനാ ശക്തിയും ഉപയോഗിച്ച് പ്രചാരണത്തില്‍ മുന്നേറുകയാണ്. അതേസമയം കോണ്‍ഗ്രസ് ക്യാംപില്‍ പലയിടത്തും ആവേശം കുറവാണ്.

കോന്നിയിലും വട്ടിയൂര്‍ക്കാവിലും സ്ഥാനാര്‍ത്ഥികളോട് പാര്‍ട്ടിക്കുളളിലുളള അതൃപ്തി കോണ്‍ഗ്രസിനെ വലയ്ക്കുന്നു. പ്രധാന നേതാക്കള്‍ പ്രചാരണത്തിന് എത്തുന്നില്ല എന്ന പരാതി വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായ കെ മോഹന്‍ കുമാര്‍ പരസ്യമായി ഉന്നയിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ യുഡിഎഫിന് ഏറ്റവും ആവശ്യമുളളത് ഉമ്മന്‍ ചാണ്ടിയെ പോലുളള നേതാവിനെയാണ്. എന്നാല്‍ പാലായിലെ തോല്‍വിക്ക് ശേഷം അമേരിക്കയ്ക്ക് വണ്ടി കയറിയിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി.

ഉപതിരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായ ശേഷം തിങ്കളാഴ്ചയാണ് ഉമ്മന്‍ ചാണ്ടി അമേരിക്കയ്ക്ക് പോയത്. തൊണ്ട സംബന്ധമായ അസുഖത്തിനുളള ചികിത്സയ്ക്ക് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ന്യൂയോര്‍ക്കിലെത്തിയിരിക്കുന്നത്. ഇതോടെ ഏറെ നിര്‍ണായകമായ ഒന്നാം ഘട്ട പ്രചാരണത്തില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടാകില്ല എന്നുറപ്പാണ്. രണ്ടാം ഘട്ട പ്രചാരണത്തിനുളള സമയമാകുമ്പോഴേക്ക് ഉമ്മന്‍ ചാണ്ടി തിരിച്ച് എത്തുമോ എന്ന ആശങ്ക യുഡിഎഫ് ക്യാംപിലുണ്ട്.

പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ തൊണ്ടയിലെ അസുഖം ഉമ്മന്‍ ചാണ്ടിയെ അലട്ടിയിരുന്നു. എന്നാല്‍ പാലായില്‍ ജോസ് കെ മാണി-പിജെ ജോസഫ് പ്രശ്‌നത്തെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി ചെന്നിത്തലയ്‌ക്കൊപ്പം പ്രചാരണ രംഗത്ത് ശക്തമായി ഇറങ്ങുകയായിരുന്നു. പത്ത് ദിവസം കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി മടങ്ങി എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി നോക്കിയ ശേഷം മാത്രമേ അദ്ദേഹം പ്രചരണ രംഗത്ത് ഇറങ്ങാന്‍ സാധ്യതയുളളൂ.

എല്ലാ തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയെ പ്രചാരണത്തിന് വേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ മണ്ഡലങ്ങളിലേക്ക് ആവശ്യപ്പെടാറുണ്ട്. ഇക്കുറി ഉമ്മന്‍ ചാണ്ടിയുടെ അഭാവത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയുമാണ് യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. എകെ ആന്റണിയും ശക്തമായ പ്രചാരണത്തിനിറങ്ങും. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അടക്കമുളള ദേശീയ നേതാക്കളേയും കോണ്‍ഗ്രസ് പ്രചാരണത്തിന് എത്തിച്ചേക്കും.

Top