മഴ; തലസ്ഥാനത്ത് വീടുകൾക്ക് കനത്ത നാശനഷ്ടം

ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം ജില്ലയിൽ വീടുകൾക്ക് നാശനഷ്ടം. നാലു വീടുകൾ പൂർണമായും 50 വീടുകൾ ഭാഗികമായും തകർന്നു. മഴക്കെടുതി നേരിടാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കുന്നുണ്ട്. ആറു കുടുംബങ്ങളിലെ 19 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു.

ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാട്ടാക്കട താലൂക്കിലെ വിളവൂർക്കൽ വില്ലേജ് പരിധിയിൽ മൂന്നു വീടുകൾ തകർന്നു. നെയ്യാറ്റിൻകര താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. ജില്ലയിൽ വിവിധ താലൂക്കുകളിലായി 50 വീടുകൾക്ക് ഭാഗീക നാശനഷ്ടമുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിളവൂർക്കലിലെ ആറു കുടുംബങ്ങളെ കുരിശുമുട്ടം വായനശാലയിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. 19 പേരാണ് ഈ ക്യാംപിൽ കഴിയുന്നത്. ഇതിൽ എട്ടു പേർ സ്ത്രീകളും നാലു പേർ കുട്ടികളുമാണ്.

ഇടവിട്ട് ശക്തമായ മഴ പെയ്യുന്നതിനാലും നദികളിലെ നീരൊഴുക്ക് വർധിച്ചിട്ടുള്ളതിനാലും നദീതീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. നദിയിൽ കുളിക്കുന്നതും തുണിയലക്കുന്നതും ഒഴിവാക്കണം. ദുരന്ത നിവാരണ വിഭാഗത്തിൽനിന്നു നൽകുന്ന മുന്നറിയിപ്പുകളോട് പൊതുജനങ്ങൾ സഹകരിക്കണം. മഴക്കെടുതി സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും കളക്ടർ അഭ്യർഥിച്ചു.

അപകട സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ജില്ലാ കളക്ടറേറ്റിലെ കൺട്രോൾ റൂം നമ്പർ- 1077, സംസ്ഥാന കൺട്രോൾ റൂം- 1070.

Top