സംസ്ഥാനത്തെ 66 കൂറ്റൻ കെട്ടിടങ്ങൾ തീരമേഖലാ നിയന്ത്രണച്ചട്ടം ലംഘിച്ചു നിർമ്മിച്ചത്..!! 16 എണ്ണത്തിൻ്റെ ഫയൽ കാണാനില്ല…!! കേസുകൾ വിവിധ കോടതികളിൽ

കൊച്ചി: മരടിലെ ഫ്ലാറ്റുകളുടെ അതേ അവസ്ഥയിൽ നിയമലംഘനം നടത്തി നിർമ്മിച്ച 66 വൻകിട നിർമാണങ്ങൾ സംസ്ഥാനത്തുണ്ടെന്ന് റിപ്പോർട്ട്. തീരമേഖലാ നിയന്ത്രണച്ചട്ടം ലംഘിച്ചു നിർമ്മിച്ചവയുടെ മാത്രം കണക്കാണിത്. തീരമേഖലാ പരിപാലന അതോറിറ്റിയുടെ (കെസിഇസഡ്എംഎ) റിപ്പോർട്ടിലാണ് 66 നിർമ്മാണങ്ങളെക്കുറിച്ച് പറയുന്നത്.  ജൂൺ 7നു ചേർന്ന അതോറിറ്റി യോഗത്തിന്റെ മിനിറ്റ്സിലാണ് ഇക്കാര്യമുള്ളത്.

ദേശീയ ഗ്രീൻ ട്രൈബ്യൂണലിലും സുപ്രീം കോടതി വരെയുള്ള വിവിധ കോടതികളിലും ഈ കേസുകൾ വിവിധ ഘട്ടത്തിൽ പരിഗണനയിലാണ്. മരടിലെ 5 ഫ്ലാറ്റുകളുടെ കാര്യത്തിലെ സുപ്രീം കോടതി വിധി ഈ പ്രോജക്ടുകളുടെയും ഭാവിയെ ബാധിച്ചേക്കാം. ഇതിൽ ഏറെ പ്രധാനപ്പെട്ടതെന്നു കരുതുന്ന 16 പ്രോജക്ടുകളുടെ ഫയലുകൾ തീരമേഖലാ പരിപാലന അതോറിറ്റിയുടെ ഓഫിസിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

പൊളിച്ചു മാറ്റണമെന്നു സുപ്രീം കോടതി നേരത്തേ ഉത്തരവിട്ട പാണാവള്ളിയിലെ റിസോർട്ടും ലിസ്റ്റിലുണ്ട്. കൊച്ചി നഗരസഭാ പരിധിയിൽ എളംകുളം വില്ലേജിലാണ് ഏറ്റവും കൂടുതൽ നിയമ ലംഘനമുള്ളത് – 16. മരട് മുനിസിപ്പാലിറ്റിയിലെ 6 വൻകിട പ്രോജക്ടുകളേ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളൂ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ലിസ്റ്റിലെ മറ്റു പ്രോജക്ടുകൾ അധികവും. മരടിലെ 5 ഹൗസിങ് പ്രോജക്ടുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പാർപ്പിട സമുച്ചയങ്ങൾ പൊതുവേ കുറവാണ്. റിസോർട്ടുകളും ഹോട്ടലുകളുമാണ് കൂടുതൽ.

തദ്ദേശ സ്വയംഭരണ വകുപ്പു വിജിലൻസ് വിഭാഗം 2013 വരെ നടത്തിയ ഓഡിറ്റിങ്ങിൽ കണ്ടെത്തി തീരമേഖലാ പരിപാലന അതോറിറ്റിക്കു റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങൾ മാത്രമാണിത്. അതിനു ശേഷം നടന്ന കയ്യേറ്റങ്ങളും നിയമലംഘനങ്ങളും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.

നിയമലംഘനം നടത്തിയ 66 പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും ഏതാനും കേസുകളിലൊഴികെ 2017 വരെ തീരമേഖലാ പരിപാലന അതോറിറ്റിയുടേതായി നടപടി ഉണ്ടായില്ല. എന്നാൽ, അതോറിറ്റി സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടത്. 2017 ഏപ്രിൽ 1 വരെ സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലായിരുന്നു തീരമേഖലാ പരിപാലന അതോറിറ്റിയുടെ പ്രവർത്തനം. പരിസ്ഥിതി വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്ന് അതോറിറ്റിയെ ആ വകുപ്പിനു കീഴിലേക്കു മാറ്റി.

Top