കാഞ്ഞിരപ്പള്ളി: പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനിടമില്ലതെ ദുരിതത്തിലായ കുടുംബത്തിന് ആശ്വാസമായത് അയൽവാസിയായ മുസ്ലിം കുടുംബം. കാഞ്ഞിരപള്ളി വട്ടകപ്പാറയിലാണ് മരിച്ചവന്റെ മതം നോക്കാതെ സഹായഹസ്തവുമായി ഷിബിലി എത്തിയത്.
കൂലിപ്പണിക്കാരനായ രാജു രക്തസമ്മർദം കൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച രാവിലെയാണു മരിച്ചത്. ചോർന്നൊലിക്കുന്ന കൊച്ചുവീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. ആകെയുള്ള ആറുസെന്റ് സ്ഥലത്ത് രാജുവിന്റെയും സഹോദരന്റെയും വീടുകളാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പൊതുശ്മശാനമില്ല. മൃതദേഹം മറവുചെയ്യണമെങ്കിൽ പാറത്തോട്ടിലോ ചിറക്കടവിലോ എത്തിക്കണം.എന്തുചെയ്യണമെന്നറിയാതെ വീട്ടുകാരും ബന്ധുക്കളും വിഷമിച്ചിരിക്കുമ്പോഴാണ് ഷിബിലിയുടെ സഹായഹസ്തം തുണയായത്. ചടങ്ങുകൾക്ക് ഷിബിലി സാമ്പത്തികസഹായവും നൽകി. കാഞ്ഞിരപ്പള്ളിയിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നയാളാണ് ഷിബിലി.
കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജുവിന്റെ മരണത്തോടെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം.