ശബരിമല യുവതീപ്രവേശന വിധിയുടെ മറവില്‍ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വിവിധ സാമൂഹ്യ, സാമുദായിക സംഘടനകളുടെ യോഗം രൂപം നല്‍കിയ സമിതിയില്‍ ഹാദിയക്കെതിരെ കൊലവിളി നടത്തിയ ഹിന്ദു പാര്‍ലമെന്റ് നേതാവുമെന്ന് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
മുസ്ലീം മതം സ്വീകരിച്ചതിനാലും മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിനാലും കോടതിയും സര്‍ക്കാരും തടവിലിട്ട ഹാദിയക്കെതിരെ കൊലവിളി നടത്തിയ സി.പി. സുഗതന്‍ സിമിതിയിലെ ജോയിന്റ് കണ്‍വീനറാണ്. ഇയാള്‍ക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ഹാദിയയെ രണ്ട് തുണ്ടമാക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ കൊലവിളി. കൂടാതെ ഹാദിയയെ തെരുവില്‍ ഭോഗിക്കണമെന്നും ഇയാള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇദ്ദേഹത്തിൻ്റെ കൂടി നേതൃത്വത്തിലാണ് കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ല എന്നപേരിൽ ജനുവരി ഒന്നിന് വനിതാ മതിൽ തീർക്കുന്നത്.
എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കേരള പുലയര്‍ മഹാസഭ ജനറല്‍സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യ സംരക്ഷണസമിതി എന്ന പേരിലാണ് സമിതി രൂപീകരിച്ചത്.
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാവും സമിതി മുന്നോട്ട് നീങ്ങുകയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.കെ. വിദ്യാസാഗര്‍, ബി. രാഘവന്‍ (വൈസ് ചെയര്‍മാന്‍മാര്‍), സി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, ഇ.എന്‍. ശങ്കരന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), കെ. സോമപ്രസാദ് എം.പി (ട്രഷറര്‍), പി. രാമഭദ്രന്‍, കെ. രാമന്‍കുട്ടി, പി.കെ. സജീവ്, രാജേന്ദ്രപ്രസാദ്, എന്‍.കെ. നീലകണ്ഠന്‍, എം.വി. ജയപ്രകാശ്, അഡ്വ.കെ.ആര്‍. സുരേന്ദ്രന്‍, കരിമ്പുഴ രാമന്‍, ഭാസ്‌കരന്‍ നായര്‍, സീതാദേവി, ടി.പി. കുഞ്ഞുമോന്‍, കെ.കെ. സുരേഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. കൂടുതല്‍ സംഘടനാപ്രതിനിധികളെ പിന്നീട് ഇതിലുള്‍പ്പെടുത്തും. വിപുലമായ ജനറല്‍ കൗണ്‍സിലും രൂപീകരിക്കും.