സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റം ആക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 വകുപ്പ് ഭാഗീകമായി റദ്ദാക്കിയ സുപ്രിം കോടതി വിധിയെത്തുടര്‍ന്ന് വ്യാപകമായ ചര്‍ച്ചകളാണ് സോഷ്യല്‍മീഡിയയിലും പുറത്തും ഉണ്ടായിരിക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന സ്വവര്‍ഗ്ഗ ലൈംഗീകത ക്രിമിനല്‍ കുറ്റം അല്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി സന്ദര്‍ഭത്തിലാണ് ചര്‍ച്ചകള്‍ ചൂടേറുന്നത്.
ലൈംഗീക സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനാ ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണ് എന്ന് വ്യക്തമാക്കുകയാണ് ഭരണഘടനാ ബഞ്ച് ചെയ്തത്. തുടര്‍ന്നുള്ള വിധിന്യായത്തില്‍ വിവേചനത്തിനും ബഹിഷ്‌കരണത്തിനും ചരിത്രം സ്വവര്‍ഗ്ഗ അനുരാഗികളോട് മാപ്പ് പറയണം എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിധി ന്യായത്തില്‍ രേഖപ്പെത്തി. ഈ പ്രസ്താവനയെത്തുടര്‍ന്ന് വലിയ ചര്‍ച്ചയാണ് സോഷ്യല്‍മീഡിയയില്‍ ഉണ്ടായിരിക്കുന്നത്. ചര്‍ച്ചയാകുന്ന ഒരു പോസ്റ്റ് ചുവടെ
പോസ്റ്റിൻ്റെ പൂർണ്ണരൂപം:
History owes apology to the LGBT community. They were made to live a life full of fear.
അതെ, നമുക്ക് അവിടെ നിന്ന് തുടങ്ങാം; മാപ്പു പറച്ചിലിൽ നിന്ന്.
കുണ്ടനെന്നും ഒമ്പതെന്നും ഫ്ളൂട്ടെന്നും ചാന്തുപൊട്ടെന്നും വിളിച്ച് കളിയാക്കി, കൂട്ടങ്ങളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നും നിങ്ങൾ മാറ്റി നിർത്തിയ നിങ്ങളുടെ ഒരു കൂട്ടുകാരനില്ലെ… അവനോട് പോയി മാപ്പു പറയുക.
വ്യത്യസ്തമായതിൻ്റെ പേരിൽ നിങ്ങൾ വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആട്ടിപ്പായിച്ചപ്പോൾ അന്യസംസ്ഥാനങ്ങളിൽ പോയി പിച്ചയെടുക്കേണ്ടി വന്ന ഒരാളില്ലേ… അയാളെ കണ്ടു പിടിച്ച് മാപ്പു പറയുക.
ഗേയായതിൻ്റെ പേരിൽ ജീവനും ജീവിതവും വരെ അപകടത്തിലാക്കുന്ന മരുന്നു കഴിക്കേണ്ടി വന്ന, ചികിത്സ തേടേണ്ടി വന്ന, ഡിപ്രഷനിൽ മുങ്ങി കഴിയേണ്ടി വന്ന, മാനസിക നില തകരേണ്ടി വന്ന, ഷോക്ക് ട്രീറ്റ്മെൻ്റ് വരെ സഹിക്കേണ്ടി വന്ന പാതിചത്ത ഒരു മകനോ, സഹോദരനോ നിങ്ങൾക്കില്ലേ… അവനോടും പോയി മാപ്പു പറയുക.
ലെസ്ബിയനായതിൻ്റെ പേരിൽ വീട്ടു തടങ്കലിൽ കഴിയേണ്ടി വന്ന, കറക്റ്റീവ് റേപ്പിനിരയാകേണ്ടി വന്ന, വീട്ടിലെയും കുടുംബത്തിലേയും ആണുങ്ങളുടെ ലിംഗങ്ങളെ മുഴുവൻ നേരിടേണ്ടി വന്ന, നേരത്തെ പഠിപ്പ് നിർത്തേണ്ടി വന്ന, നേരത്തെ വിവാഹിതയാകേണ്ടി വന്ന ഒരു കൂട്ടുകാരി നിങ്ങൾക്കില്ലേ … അവളോട് പോയി മാപ്പു പറയുക.
ഒരാശ്വാസ വാക്ക് പറയാൻ ഒരാൾ പോലും ഇല്ലാത്ത, പ്രതീക്ഷകളില്ലാത്ത ലോകത്ത് ഒറ്റപ്പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഒരപരിചിതനില്ലേ… അയാളോട് മാപ്പു പറയുക. ട്രാൻസ്ജെൻ്ററായത് കൊണ്ടു മാത്രം പോലീസിൻ്റെ മർദ്ദനമേറ്റ ആ ഫേസ്ബുക്ക് സുഹൃത്തില്ലേ, അവളോട് പോയി മാപ്പ് പറയുക. ഒരു രാത്രി അപരിചിതർ പീഡിപ്പിച്ച് കൊന്ന് ഓടയിൽ കളഞ്ഞ് ചീഞ്ഞളിഞ്ഞ് കിട്ടിയ ഒരു മൃതദേഹമില്ലേ… അതിനോട് മാപ്പ് പറയുക.
പള്ളിക്കൂടങ്ങളിൽ നിന്നും ജോലിസ്ഥലങ്ങളിൽ നിന്നുമെല്ലാം ഇറക്കി വിട്ട് ജീവിക്കാൻ കൊള്ളാത്തവരാക്കി മാറ്റിയവരില്ലേ… അവരോട് മാപ്പ് പറയുക. അവരുടെ അതിജീവനങ്ങളെ അശ്ലീലങ്ങളും വിലകുറഞ്ഞ തമാശകളുമാക്കി വിറ്റില്ലേ… അതിനു മാപ്പ് പറയുക. ‘ഇവർക്ക് കഴപ്പാണോ??’ എന്ന് ചോദിച്ചതിനു, അവരുടെ കൂടെ മുദ്രാവാക്യം വിളിക്കാൻ മടിച്ചതിനു അവരോട് മാപ്പു പറയുക.
പേടിച്ച് പേടിച്ച് ജീവിച്ച് ചത്ത ഓരോ ജീവിതങ്ങളോടും മാപ്പു പറയുക.
ലിസ്റ്റ് നീണ്ടു നീണ്ടു പോവുകയാണ് സുഹൃത്തുക്കളേ…
ചുറ്റും അനീതി നടന്ന നേരത്ത് മിണ്ടാതെ ഇരുന്നതിനു വരെ നിങ്ങൾ മാപ്പു ചോദിക്കേണ്ടതുണ്ട്. അന്തസ്സോടെ, മാന്യതയോടെ, സ്വാഭിമാനത്തോടെ ജീവിക്കാനും പ്രണയിക്കാനും അനുവദിക്കാതിരുന്ന ഒരു സമൂഹത്തിൻ്റെ ഭാഗമായി ഇരിക്കുമ്പോൾ നിങ്ങൾക്ക് ആ ചരിത്രത്തിൽ നിന്ന് മാറി നിൽക്കാനാകില്ല. ജീവിക്കുന്നവരും മരിച്ചവരും പാതി മരിച്ചവരും വരെ നിങ്ങൾക്ക് മാപ്പപേക്ഷിക്കേണ്ടവരുടെ ലിസ്റ്റിലുണ്ട്. അതു കൊണ്ട് ഇന്നു തന്നെ തുടങ്ങിക്കോളൂ…
നിങ്ങൾ നിഷേധിച്ച ജീവിതം എന്തായാലും നിങ്ങൾക്ക് തിരികെ നൽകാനാകില്ല. ചരിത്രം വന്നു മാപ്പു പറഞ്ഞാലും, അനീതിയുടെ ചരിത്രം ഞങ്ങൾ മറക്കുകയുമില്ല.
മുഴുവൻ പോരാളികൾക്കും മഴവില്ലുമ്മകൾ അഭിവാദ്യങ്ങൾ