പത്തനംതിട്ട: പ്ലസ് ടു ജയിച്ച മകന് അമ്മ സമ്മാനമായി നല്‍കിയത് മൊബൈല്‍ ഫോണ്‍. എന്നാല്‍ ഇതേ ഫോണ്‍ കാരണം കുടുംബം വഴിയാധാരത്തിന്റെ വക്കിലെത്തി. മകന്‍ ബൈക്കിന് ആണ് ആവശ്യപ്പെട്ടിരുന്നെങ്കിലും കൂലിവേലക്കാരിയായ അമ്മ മൊബൈല്‍ വാങ്ങി നല്‍കി മകനെ ആശ്വസിപ്പിക്കുകയായിരുന്നു. ഒടുവില്‍ ഫേസ്ബുക്ക് വഴി മകന്‍ സൗദിയില്‍ ജോലി ചെയ്യുന്ന 42കാരി ഹോം നഴ്‌സുമായി കൂട്ടായി. നഴ്സ് മകന്റെ അക്കൗണ്ടിലേക്ക് 43,000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ ഈ സ്ത്രീ പതിനേഴു വയസുകാരനുമായി ബംഗളുരുവിലേക്കു കടന്നു. ആറു മാസം കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെ മകന്‍ ഹോംനഴ്സിനൊപ്പം താമസിച്ചു. പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിയതോടെ ഹോം നഴ്സ് തുക തിരികെ ആവശ്യപ്പെട്ടു. തുക നല്‍കാന്‍ കഴിയാതെ വന്നതോടെ മകന്‍ തിരികെ വീട്ടിലെത്തി. ക്ഷുഭിതയായ സ്ത്രീ 43,000 രൂപ മടക്കി നല്‍കുന്നില്ലെന്നു കാണിച്ചു കോടതിയില്‍ ക്രിമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ 18 വയസ് പൂര്‍ത്തിയായ മകന്‍ ഹോം നഴ്സിന്റെ പരാതിയെത്തുടര്‍ന്നു ജയിലിലുമായി. തുടര്‍ന്ന് ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി മകനെ ജാമ്യത്തിലിറക്കി. ചിലരുടെ സഹായത്തോടെ മകന് വിദേശത്ത് ജോലി തരപ്പെടുത്തി. വിദേശത്ത് ജോലി ലഭിച്ചതോടെ 43,000 രൂപയും അതിന്റെ പലിശയും മടക്കി നല്‍കണമെന്ന ആവശ്യവുമായി ഹോം നഴ്സ് വനിതാ കമ്മീഷന് മുമ്പാകെ എത്തി. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അനാശാസ്യ പ്രവര്‍ത്തികള്‍ക്ക് പ്രേരിപ്പിക്കുകയും ക്രിമിനല്‍ കേസില്‍പ്പെടുത്തുകയും ചെയ്ത നടപടി ഹീനമെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. കോടതി പരിഗണനയിലുള്ള കേസായതിനാല്‍ വിധി വന്ന ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.