പാമ്പുകൾ കഴിഞ്ഞാൽ പിന്നെ മനുഷ്യനെ കൊല്ലാൻ തക്കവണ്ണം വിഷമുള്ള അപൂർവയിനം ജീവികളിലൊന്നാണ് ചിലന്തികള്‍. എന്നാല്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള ചിലന്തികൾ വളരെ കുറവാണെന്നായിരുന്നു പൊതുവയുള്ള വിശ്വാസം. എന്നാല്‍ സിഡ്നിയിലെ തുരങ്ക ചിലന്തികള്‍ അഥവാ ടണല്‍ സ്പൈഡറുകള്‍ ഈ വിശ്വാസം തകർത്തിരിക്കുകയാണ്. ഈയിടെയായി എണ്ണം പെരുകിയ ഈ ചിലന്തികളുടെ കടിയേറ്റ് ഓസ്ട്രേലിയയിൽ മാത്രം കൊല്ലപ്പെട്ടത് 13 പേരാണ്.
സിഡ്നിയിലെ വീടുകളില്‍ ഈ ചിലന്തികളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നതായും വ്യക്തമായിട്ടുണ്ട്. വിഷമില്ലാത്ത സാധാരണ ചിലന്തികളെ വീടുകളില്‍ കാണപ്പെടാറുണ്ട്. അതിനാല്‍ തന്നെ വീടുകളിൽ കാണപ്പെട്ട ഈ വിഷച്ചിലന്തികളേയും സാധാരണ ചിലന്തികളായാണ് കണക്കാക്കിയത്. എന്നാല്‍ ഈ ചിലന്തികളുടെ കടിയേറ്റതിനെ തുടര്‍ന്ന് മാരകമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെയാണ് കടിയേറ്റവരില്‍ നടത്തിയ വിശദമായ പരിശോധനയിലൂടെ ഇവരെ കടിച്ചത് സാധാരണ ചിലന്തികളല്ലെന്നും മറിച്ച് വിഷച്ചിലന്തികളാണെന്നും വ്യക്തമായത്. തുടര്‍ന്ന് ടണല്‍ സ്പൈഡറിന്റെ ചിത്രങ്ങള്‍ സഹിതം അധികൃതര്‍ മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങി. ഈ മുന്നറിയിപ്പു നൽകിയ ശേഷം ലഭിച്ച പ്രതികരണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിരവധി പേരാണ് ഇപ്പോള്‍ ദിവസവും ഈ ചിലന്തിയെ വീട്ടില്‍ കണ്ടെത്തിയെന്നു റിപ്പോര്‍ട്ട് ചെയ്യാനായി വന്യജീവി വകുപ്പിനെ ഫോണ്‍ ചെയ്യുന്നത്.