തൃശൂര്‍: മകന്റെ ഓര്‍മ്മയില്‍ അമ്മയുടെ നന്മയ്ക്ക് ഒരായിരം കയ്യടി. പ്രാണന് തുല്യം സ്‌നേഹിച്ച മകന്റെ ഓര്‍മ്മകളുമായി ജീവിക്കുകയാണ് ഈ മാതാവ്. മകന്റെ പേര് ഓര്‍ത്തുവെക്കണമെന്ന് അദ്ധ്യാപിക കൂടിയായ മേരി ദൃഢനിശ്ചയമെടുത്തു. അത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി 65 സെന്റ് സ്ഥലം പാവങ്ങള്‍ക്ക് വീടുവെക്കാന്‍ വിട്ടു നല്‍കുകയാണ് ചെയ്തത്.
ദേവമാതാ സ്‌കൂളിലെ കുട്ടികളുമായി കൈകോര്‍ത്തപ്പോള്‍ നിര്‍ധനര്‍ക്ക് വീടെന്ന മകന്റെ സ്വപ്‌നം കൂടിയാണ് ആ മാതാവ് പൂര്‍ത്തീകരിച്ചത്. തൃശ്ശൂര്‍ പെരിഞ്ചേരിയിലാണ് വീടുകള്‍ ഉയരുന്നത്.
ഒന്നാം ഘട്ടമായി പണിതീര്‍ത്ത മൂന്നുവീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. 18 കുടുംബങ്ങള്‍ക്ക് വീടുപണിയാനാണ് കുരിയച്ചിറ ചിറക്കേക്കാരന്‍ വീട്ടില്‍ പരേതനായ ജോസിന്റെ ഭാര്യ മേരി ഭൂമി സൗജന്യമായി നല്‍കിയത്. രോഗബാധിതനായി 39ാം വയസ്സില്‍ മരിച്ച മകന്‍ ജെയ്‌മോന് സ്മാരകമായിരിക്കും ഇവ. ഇതിന് നേതൃത്വം കൊടുത്ത സി.എം.ഐ. സഭ ദേവമാതാ പ്രൊവിന്‍സ് ചാവറ ഗ്രാമമെന്ന് വീടുനില്‍ക്കുന്ന സ്ഥലത്തിന് പേരുമിട്ടു. മൂന്നു സെന്റ് വീതമാണ് ഓരോ കുടുംബത്തിനും നല്‍കിയത്
ഭര്‍ത്താവ് ജോസ് മരിച്ചതിന് ശേഷം കുരിയച്ചിറയിലെ വീട്ടില്‍ ഒറ്റയ്ക്കു കഴിയുന്ന മേരി ദേവമാത പ്രൊവിന്‍സ് അധിപന്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളിയെയാണ് പദ്ധതിക്കായി ചുമതലപ്പെടുത്തിയത്. പാട്ടുരായ്ക്കല്‍ ദേവമാതാ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹിക ക്ഷേമ വിഭാഗമായ കെസ്സും ചേര്‍ന്നാണ് ഇപ്പോള്‍ അഞ്ചുവീടുകള്‍ പണിതത്.
ഇതില്‍ മൂന്നെണ്ണമാണ് കൈമാറുന്നത്. 680 ചതുരശ്ര അടി ടെറസ് വീടിന് ഏഴരലക്ഷം രൂപയാണ് ചെലവ് വന്നത്. രണ്ടുകിടക്കമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട് എന്നിവ അടങ്ങുന്നതാണ് വീട്. സുബ്രഹ്മണ്യന്‍, ആന്‍സി, സൗമ്യ, ജോര്‍ജ്, സൈമണ്‍ എന്നിവര്‍ക്കാണ് ഒന്നാംഘട്ടത്തില്‍ വീട് കിട്ടുന്നത്. ദേവമാതയിലെ ഓരോ കുട്ടിയും ജന്മദിനത്തില്‍ ആഘോഷങ്ങള്‍ ലളിതമാക്കിയാണ് വീടുനിര്‍മ്മാണത്തിന് തുക കണ്ടെത്തിയത്.
വീടുകളുടെ താക്കോല്‍ ദാനം ഞായറാഴ്ച അഞ്ചിന് ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, ഫാ. ഷാജു എടമന, ഫാ. സിന്റോ നങ്ങിണി എന്നിവര്‍ നിര്‍വഹിക്കും. ബാക്കി വീടുകളുടെ പണി തുടരുന്നു. സിസ്റ്റര്‍ ഓള്‍ട്ടറിക്കയാണിതിന് മേല്‍നോട്ടം.