സൗദിയിലെ റിയാദിലേയ്ക്ക് ഹൂതി വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ലക്ഷ്യം റിയാദിലെ റോയല്‍ പാലസ്

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലേക്ക് യെമനിലെ ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു. എന്നാല്‍ വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തകര്‍ത്തതായി സൗദി സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ യെമനില്‍ നിന്നും തൊടുക്കുന്ന മൂന്നാമത്തെ മിസൈലാണിത്. റിയാദിലെ അല്‍ യമാമ റോയല്‍ പാലസ് ലക്ഷ്യമിട്ടാണ് തങ്ങള്‍ മിസൈല്‍ വിക്ഷേപിച്ചതെന്ന് ഹൂതികളുടെ വക്താവ് മൊഹമ്മദ് അബ്ദുല്‍ സലാം ഒരു വിദേശ മാദ്ധ്യമത്തോട് പ്രതികരിച്ചു.

യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയെ പുറത്താക്കി അധികാരം പിടിച്ച ഹൂതി വിമതര്‍ക്കെതിരെ 2015 മാര്‍ച്ചിലാണ് സൗദി സഖ്യസേന വ്യോമാക്രമണം തുടങ്ങിയത്. നിലവില്‍ തലസ്ഥാനമായ സന അടക്കമുള്ള പ്രദേശങ്ങളാണ് ഹൂതികളുടെ നിയന്ത്രണത്തിലുള്ളത്. മറ്റ് പലയിടങ്ങളും പ്രസിഡന്റിനെ പിന്തുണക്കുന്ന സൈന്യം നിയന്ത്രണം തിരിച്ചുപിടിച്ചിരുന്നു. യമനില്‍ സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം പുണ്യ നഗരമായ മക്കയെ ലക്ഷ്യമാക്കി തൊടുത്ത മിസൈലും സഖ്യസേന തകര്‍ത്തിരുന്നു. ഹൂതികള്‍ക്ക് ഇറാന്റെ സഹായമുണ്ടെന്നും തങ്ങളെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നുമാണ് സൗദിയുടെ ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ സൗദി സഖ്യസേനയാണ് നിലവിലെ യുദ്ധം തുടങ്ങിയതെന്നും ഇതിനുള്ള തിരിച്ചടി ശക്തമായിരിക്കുമെന്നുമാണ് ഹൂതികളുടെ നിലപാട്. യെമന്റെ അധികാര പരിധിയിലുള്ള സൗദിയുടെ വ്യോമകേന്ദ്രങ്ങളില്‍ ഇനിയുള്ള ദിവസം ശക്തമായ ആക്രമണം നടത്തുമെന്നും ഹൂതികള്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പന്ത്രണ്ടോളം മിസൈലുകളാണ് ഹൂതികള്‍ സൗദിയിലേക്ക് വിക്ഷേപിച്ചത്. ഇതിന് മറുപടിയായി അമേരിക്കന്‍ പിന്തുണയോടെ നിരവധി വ്യോമാക്രമണങ്ങള്‍ സൗദി സഖ്യസേന നടത്തിയിരുന്നു.

Top