കൊച്ചി: കേരളത്തെ പിടിച്ചു കുലുക്കിയ ദുരന്തമായിരുന്നു നമ്മള്‍ നേരിട്ട മഹാ പ്രളയം. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ വീടുകളും മറ്റും പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി പല തരത്തിലൂള്ള സാമ്പത്തിക സഹായങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ വഴിവിട്ട രീതിയില്‍ കൈക്കലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങി.
തങ്ങളുടെ ഇഷ്ടക്കാര്‍ക്കും കൂട്ടാളകള്‍ക്കും വന്‍ തുകകള്‍ നഷ്ടപരിഹാരമായി നല്‍കാനാണ് ശ്രമം. പ്രളയാനന്തര കേരളം നേരടാന്‍ പോകുന്നത് വന്‍ അഴിമതിയാകുമെന്നാണ് ഇത് കാണിക്കുന്നത്. മഞ്ചേരി തൃക്കലങ്ങോടു പഞ്ചായത്തില്‍ മണ്ണിടിച്ചിലില്‍ പോറല്‍പോലും ഏല്‍ക്കാത്ത വീടിനു ദുരിതാശ്വാസ സഹായമായി അഞ്ചര ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ. ഒരു കേടുപാടും സംഭവിക്കാത്ത വീടിന് വന്‍ തുക നല്‍കാന്‍ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ റവന്യു അധികൃതര്‍ക്കു റിപ്പോര്‍ട്ട് നല്‍കി.
വീടിനു പിറകില്‍ മണ്ണിടിഞ്ഞുവീണെന്ന കാരണത്താല്‍ ഉടമസ്ഥന് 5.79 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സമീപത്തെ മറ്റൊരു വീടിന്റെ മുറ്റത്തു മണ്ണിടിഞ്ഞുവീണതിന് 3.47 ലക്ഷം രൂപയുടെ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ മന്ത്രി ഇ.പി. ജയരാജന്‍ അന്വേഷണം പ്രഖ്യാപിച്ചു. ക്രമക്കേടിനെക്കുറിച്ചുള്ള ചാനല്‍ വാര്‍ത്തയെത്തുടര്‍ന്നാണു തീരുമാനം.
പതിനായിരം രൂപയുടെ പോലും നഷ്ടം സംഭവിച്ചിട്ടില്ലാത്ത വീടുകളില്‍ സംരക്ഷണഭിത്തി കെട്ടണമെന്നും മണ്ണു നീക്കണമെന്നും കാണിച്ചാണ് എന്‍ജിനീയര്‍ ലക്ഷങ്ങളുടെ നഷ്ടക്കണക്ക് എഴുതിച്ചേര്‍ത്തത്. മണ്ണിടിച്ചിലില്‍ തകര്‍ന്ന മറ്റു വീടുകളില്‍ ഇതുവരെ പരിശോധനയ്‌ക്കെത്തിയില്ലെന്നും പരാതിയുണ്ട്.
കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ പരിശോധിച്ചു നഷ്ടം കണക്കാക്കേണ്ടതു തദ്ദേശസ്ഥാപനങ്ങളിലെ അസി. എന്‍ജിനീയര്‍മാരാണ്. ഇവര്‍ റിപ്പോര്‍ട്ട് റവന്യു അധികൃതര്‍ക്കു കൈമാറും. പണം അനുവദിക്കുന്നതിനു മുന്‍പു നഷ്ടക്കണക്കു പരിശോധിക്കാന്‍ മറ്റൊരു പരിശോധന നടക്കുന്നില്ല. ഇതു ക്രമക്കേടിന് അവസരമൊരുക്കുന്നതായാണ് ആക്ഷേപം.