മരുന്ന് വിപണിയില്‍ തീവെട്ടിക്കൊള്ള; രോഗികളെ ഞെക്കിപ്പിഴിടാന്‍ സര്‍ക്കാര്‍ മൗനാനുവാദം; വിവരാവകാശ രേഖകള്‍ പുറത്ത്

കൊച്ചി: മരുന്ന് വിപണിയില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്ന് വിവരാവകാശ രേഖകള്‍. തീവെട്ടിക്കൊള്ളയെപ്പറ്റി അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ സര്‍ക്കാര്‍. ക്യാന്‍സറിനും ഹൃദയരോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നുകള്‍ക്കു തീവിലയാണു പൊതുവിപണിയില്‍ ഈടാക്കുന്നത്.

കേരള മെഡിക്കല്‍ സപ്ലൈ കോ ഓപ്പറേഷന്‍ ലിമിറ്റഡ്(കെ.എം.എസ്.സി.എല്‍) സര്‍ക്കാര്‍ ആശുപത്രികളിലേക്കു വിതരണം ചെയ്യുന്ന മരുന്നുകള്‍ പുറംവിപണിയില്‍ ലഭിക്കുന്നതു പതിന്മടങ്ങ് അധികവിലയില്‍. ഈ കൊള്ളയെപ്പറ്റി സര്‍ക്കാരിന് അറിയാം എന്നാണ് വിവരാവകാശപ്രകാരമുള്ള ചോദ്യത്തിനു മറുപടി ലഭിച്ചത്. മരുന്നുകമ്പനികളുടെ കൊള്ളയടിക്കു തടയിടാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്യാന്‍സര്‍ വേദനസംഹാരിയായ പാക്ലിടാക്സെല്‍ ഇന്‍ജക്ഷന്‍ (260 മില്ലിഗ്രാം) കെ.എം.എസ്.സി.എല്‍. മരുന്നുകമ്പനികളില്‍നിന്നു വാങ്ങുന്നത് 1226 രൂപയ്ക്കാണ്. എന്നാല്‍, ഇതേ മരുന്ന് പുറത്തുനിന്ന് വാങ്ങുമ്പോള്‍ എം.ആര്‍.പി. 10,850 രൂപയാണ്. ഇതേ മരുന്ന് 100 മില്ലിഗ്രാമിന് കെ.എം.എസ്.സി.എല്‍ 575 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ പുറംവില 5570 രൂപ. ക്യാന്‍സറിന്റെ മറ്റൊരു മരുന്നായ സൈറ്റോസിന്‍ 500 മില്ലിഗ്രാമിന് കെ.എം.എസ്.സി.എല്‍. വില 149 രൂപയാണ്. എന്നാല്‍, ഇതിനു സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും ഈടാക്കുന്നത് 700 രൂപയാണ്.

ഹൃദ്രോഗികള്‍ ഉപയോഗിക്കുന്ന നിഫ്ഡിപിന്‍ (10 മില്ലി ഗ്രാം) ഗുളികയ്ക്ക് 6.19 രൂപയ്ക്കു സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുമ്പോള്‍ 98.40 രൂപയാണു പുറത്തെ വില. ഹൃദ്രോഗികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഐസോ സോര്‍ബിഡിന് 27.80 രൂപ മാത്രം വിലയുള്ളപ്പോള്‍ സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നു വാങ്ങുമ്പോള്‍ 126.80 രുപ നല്‍കേണ്ടിവരുന്നു.

മറ്റൊരു ഹൃദ്രോഗ മരുന്നായ ഡൊബുട്ടാമിന്‍ മരുന്നുകമ്പനികള്‍ സര്‍ക്കാരിനു നല്‍കുന്നത് 19.35 രൂപയ്ക്ക്. പുറത്ത് വില 320 രൂപ. മരുന്നുവിലയിലെ ഈ വലിയ വില വ്യത്യാസം സര്‍ക്കാരിന് അറിയാമെന്നാണു ജനപക്ഷം സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ബെന്നി ജോസഫിനു ലഭിച്ച വിവരാവകാശ അപേക്ഷപ്രകാരമുള്ള മറുപടിയില്‍ വ്യക്തമായിരിക്കുന്നത്. എന്നാല്‍, ഈ കൊള്ള തടയാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജന്‍ ഔഷധികളില്‍ 81 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാകുമെങ്കിലും മേല്‍പ്പറഞ്ഞ മരുന്നുകള്‍ ഇവിടെനിന്നു ലഭിക്കില്ല. ജീവിത ശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ജന്‍ ഔഷധികളില്‍നിന്ന് ലഭിക്കുന്നത്.

Top