എന്നെ രോഗിയാക്കിയത്‌ പാവപ്പെട്ടവര്‍ക്കായി സംസാരിക്കാന്‍: മരുന്നുകമ്പനികളുടെ കൊള്ളയ്‌ക്കെതിരെ ഇന്നസെന്റ് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: മരുന്നു കമ്പനികളുടെ കൊള്ളയ്‌ക്കെതിരെ ചാലക്കുടി എംപി ഇന്നസെന്റ് ലോക്‌സഭയില്‍. അവശ്യമരുന്നുകളുടെ ആവശ്യകതയും സ്വകാര്യ ആശുപത്രികളുടെ കൊള്ളയും സഭയില്‍ അവതരിപ്പിച്ച ഇന്നസെന്റ് ക്യാന്‍സര്‍ രോഗികളുടെ ബുദ്ധിമുട്ടുകളും സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.ആരോഗ്യരംഗത്തെ ചൂഷണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇന്നസെന്റ്‌ ആവശ്യപ്പെട്ടു. ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞ്‌ ഇന്നലെയാണ്‌ ഇന്നസെന്റ്‌ എം.പി. സഭയില്‍ എത്തിയത്‌. സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയില്‍ നടക്കുന്നതിനിടെയാണ്‌ ഇന്നസെന്റ്‌ പ്രസംഗം ആരംഭിച്ചത്‌.
ഇന്നസെന്റ്‌ ക്യാന്‍സറിനെ അതീജീവിച്ച വ്യക്‌തിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കണമെന്നും സ്‌പീക്കര്‍ സുമിത്ര മഹാജന്‍ അഭ്യര്‍ഥിച്ചു. മലയാളത്തിലായിരുന്നു പ്രസംഗം. അദ്ദേഹം തുടര്‍ന്നപ്പോള്‍ സഭ നിശബ്‌ദമായി. ഏറെക്കാലമായി ലോക്‌സഭയിലെ തന്റെ ഇരിപ്പിടം ഒഴിഞ്ഞു കിടക്കുകയായിരുന്നു.INNOCENT MP മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണ ക്യാന്‍സര്‍ പിടിപെട്ടു. രണ്ടു തവണയും ദൈവം വിളിച്ചിട്ടും താന്‍ പോയില്ല. തനിക്കു ദൈവം ഈ രോഗം തന്നതു പാവപ്പെട്ടവര്‍ക്കു വേണ്ടി ഇവിടെനിന്നു സംസാരിക്കാനാണ്‌. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളുടെ ചൂഷണത്തിനു കൂട്ടു നില്‍ക്കുകയാണ്‌. സ്വകാര്യ ലാബുകള്‍ പലതും ഡോക്‌ടര്‍മാരും കച്ചവടക്കാരും ചേര്‍ന്നാണു നടത്തുന്നത്‌. പരിശോധനാ ഫലവുമായി ചെല്ലുന്നവര്‍ക്കു വീണ്ടും കനത്ത ചെലവുകളുള്ള ചികിത്സാ രീതികളാണ്‌ നിര്‍ദേശിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ പലപ്പോഴും ആശുപത്രികളില്‍ ലഭ്യമല്ല. ഉണ്ടെങ്കില്‍തന്നെ ഇതു നല്‍കാറില്ല. ഇത്‌ ഡോക്‌ടര്‍മാര്‍ക്ക്‌ പങ്കുള്ള സ്വകാര്യ മരുന്നു കടകളുമായുള്ള ഒത്തുകളിയാണ്‌.

 

വമ്പന്‍ ആശുപത്രി സമുച്ചയങ്ങള്‍ പണിതുയര്‍ത്തി കോര്‍പറേറ്റ്‌ കച്ചവടക്കാര്‍ ചെലവേറിയ ചികിത്സാ രീതികള്‍ നിര്‍ദേശിക്കാന്‍ ഡോക്‌ടര്‍മാരെ നിര്‍ബന്ധിക്കുന്നു. മരുന്നുകളുടെ ഗുണനിലവാരം സര്‍ക്കാര്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തണം. വിദേശത്തു നിന്ന്‌ എത്തിക്കുന്ന മരുന്നുകള്‍ അവിടെ നിരോധിച്ചതാണോ എന്നും പരിശോധിക്കണം. മൂന്നു വര്‍ഷം ക്യാന്‍സറിന്റെ വേദനകള്‍ അനുഭവിച്ച വ്യക്‌തിയെന്ന നിലയിലാണ്‌ ഇക്കാര്യങ്ങള്‍ സഭയുടെ ശ്രദ്ധയില്‍ പെടുത്തുന്നത്‌.രണ്ടാമത്തെ തവണ രോഗം ബാധിച്ചപ്പോള്‍ ഡല്‍ഹിയിലെ എയിംസിലായിരുന്നു ചികിത്സ. അതിനിടെ ഭാര്യയേയും ക്യാന്‍സര്‍ ബാധിച്ചു. ഈ കാലയളവില്‍ ചികിത്സാ രംഗത്തുള്ള പല അപര്യാപ്‌തതകളും നേരിട്ടറിയാനായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സ ഉള്‍പ്പടെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. രോഗികളെ ഉള്‍ക്കൊള്ളനാകുന്ന വിധത്തില്‍ ആശുപത്രികളെ വിപുലീകരിക്കണം. സര്‍ക്കാര്‍രംഗത്ത്‌ കൂടുതല്‍ സ്‌പെഷലൈസ്‌ഡ്‌ ആശുപത്രികള്‍ ഉണ്ടാകണം. സമ്പന്നര്‍ ജീവിച്ചിരിക്കുകയും പാവപ്പെട്ട ജനങ്ങള്‍ക്ക്‌ മറിച്ചുള്ള അനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സ്‌ഥിതി രാജ്യത്ത്‌ ഉണ്ടാകരുത്‌. ഭരണ, പ്രതിപക്ഷങ്ങള്‍ പരസ്‌പരം കുറ്റം പറഞ്ഞ്‌ സമയം കളയരുതെന്നും ഇന്നസെന്റ്‌ അംഗങ്ങളെ ഓര്‍മപ്പെടുത്തി.
ബീഫ്‌ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിക്കാനും ഇന്നസെന്റ്‌ മറന്നില്ല. വല്ലവന്റെയും അടുക്കളയില്‍ എന്തു നടക്കുന്നു, എന്ത്‌ കഴിക്കുന്നു എന്നു നോക്കുകയല്ല ജനപ്രതിനിധികളുടെ ചുമതലയെന്നും ജനങ്ങള്‍ വോട്ട്‌ ചെയ്‌ത്‌ ജയിപ്പിക്കുന്നത്‌ രാജ്യത്തിന്‌ ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാണെന്നും ഇന്നസെന്റ്‌ പറഞ്ഞു.

ഹൃദ്രോഗികള്‍ക്കുള്ള സ്റ്റെന്റ് വില്‍പ്പനയിലടക്കം പാവപ്പെട്ട രോഗികളെ ചൂഷണം ചെയ്യുന്ന ആശുപത്രികളെ നിയമം മൂലം നിയന്ത്രിക്കണം. ക്യാന്‍സര്‍ മരുന്നുകള്‍ക്കടക്കം വന്‍തുകയാണ് ഈടാക്കുന്നത്. മാമോഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്. മരുന്നുകള്‍ക്ക് ആവശ്യമായ ഗുണനിലവാരം ഉണ്ടോയെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്.എല്ലാവര്‍ക്കും ആവശ്യമായ ചികിത്സ മിതമായ നിരക്കില്‍ ലഭ്യമാക്കണം, ഇന്നസെന്റ് പറഞ്ഞു.പ്രസംഗ ശേഷം സഭയില്‍ നിന്നും ഇറങ്ങുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ രോഗവിവരം അന്വേഷിച്ചു. എവിടെയാണ് ചികിത്സയെന്നായിരുന്നു സോണിയയുടെ അന്വേഷണം. രാജ്യത്തു തന്നെയാണെന്നും ദല്‍ഹിയിലെ എയിംസിലാണ് ചികിത്സ ചെയ്തതെന്നും ഇന്നസെന്റ് മറുപടി നല്‍കി.

Top