‘മാര്‍പാപ്പ രോഗബാധിതനാണ്’ തലച്ചോറില്‍ അര്‍ബുദമെന്ന് ഇറ്റാലിയന്‍ പത്രം

റോം :മധ്യ ഇറ്റലിയില്‍ നിന്നുള്ള ഒരു പത്രം ‘മാര്‍പാപ്പ രോഗബാധിതനാണ്’ എന്ന തലക്കെട്ടുമായി ഒന്നാം പേജില്‍ വാര്‍ത്ത നല്‍കി.ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് തലച്ചോറില്‍ അര്‍ബുദരോഗമുള്ളതായിട്ടാണ് റിപ്പോര്‍ട്ട്. എതാനും മാസം മുമ്പ് ജപ്പാനില്‍ നിന്നുള്ള വിദഗ്ധഡോക്ടര്‍മാരുടെ സംഘം ടസ്കനിയിലെ സാന്‍ റൊസ്സോറോ ക്ലിനിക്കില്‍ നിന്ന് വത്തിക്കാനിലെത്തി മാര്‍പാപ്പയെ പരിശോധിച്ചെന്നും തലച്ചോറില്‍ അര്‍ബുദബാധ കണ്ടെത്തിയെന്നും ശസ്ത്രക്രിയ കൂടാതെ ചികിത്സിച്ചു സുഖപ്പെടുത്താവുന്നതാണിതെന്നുമാണ് വാര്‍ത്തയില്‍ ഉണ്ടായിരുന്നത്.

ഈ വര്‍ഷം ഏഷ്യ, ലാറ്റിന്‍ അമേരിക്ക, ബോസ്നിയ, യുഎസ് എന്നീ രാജ്യങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു. മാര്‍പാപ്പ ആയതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ടിവി അഭിമുഖത്തില്‍ മാര്‍പാപ്പ പദവിയില്‍ താന്‍ ഏറെനാള്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സമീപ മാസങ്ങളില്‍ മാര്‍പാപ്പ തികച്ചും ആരോഗ്യവാനായാണ് കാണപ്പെടുന്നത്. കാല്‍മുട്ടുവേദനയുടെ ചെറിയ പ്രശ്നമുള്ളതിന് കൃത്യമായി ഫിസിയോതെറപ്പി ചെയ്യുന്നുണ്ട്.
എന്നാല്‍ വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു. തികച്ചും നിരുത്തരവാദപരമായ ഈ വാര്‍ത്ത അവഗണിക്കുന്നതായും വത്തിക്കാന്റെ മുഖ്യ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ പതിവുപോലെ ഇന്നലെയും സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിനു വിശ്വാസികള്‍ക്ക് പൊതുദര്‍ശനം നല്‍കി. കുടുംബത്തെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡില്‍ എല്ലാ ദിവസവും പങ്കെടുക്കുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top