കൊച്ചി: ടൈഗർ ഫോഴ്സ് തലവൻ എ.വി ജോര്‍ജിനെതിരെ കടുത്ത ആരോപണവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ രംഗത്ത് വന്നു വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ ആലുവ റൂറല്‍ എസ്.പി, എ.വി.ജോര്‍ജിനെ തൃശൂര്‍ പൊലീസ് അക്കാഡമിയിലേക്ക് സ്ഥലം മാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ചു . കേസില്‍ ആരോപണ വിധേയനായ ആളെ സേനയെ പരിശീലിപ്പിക്കുന്ന പോലീസ് അക്കാദമിയുടെ തലപ്പത്തു നിയോഗിച്ചത് തെറ്റാണ്. തീരുമാനം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവാകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹന്‍ദാസ് ആവശ്യപ്പെട്ടു.
ആരോപണ വിധേയനെ ട്രെയിനിംഗ് അക്കാഡമിയുടെ തലപ്പത്ത് കൊണ്ടുവരുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക. വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ അന്വേഷണം തൃപ്തികരമല്ല. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല. സി.ബി.ഐ പോലുള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസം മുന്‍പാണ് എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ സ്ഥലംമാറ്റിയത്. രാഹുല്‍ ആര്‍.നായര്‍ക്കാണ് പകരം ചുമതല. വരാപ്പുഴ കസ്റ്റഡിമരണക്കേസിലെ പ്രതികള്‍ റൂറല്‍ എസ്പിയുടെ സ്‌ക്വാഡിലെ അംഗങ്ങളാണ്. സ്ഥലംമാറ്റത്തിനു പിന്നില്‍ ഇതാണു കാരണമെന്നാണു വിലയിരുത്തല്‍. റൂറല്‍ എസ്പിയുടെ സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെയും കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു. ആരോപണമുയര്‍ന്നതോടെ എ.വി.ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫ് സ്‌ക്വാഡ് പിരിച്ചുവിടുകയും ചെയ്തിരുന്നു.