ഭാര്യ ഭര്‍ത്താവിനെ സയനൈഡ് കൊടുത്തു കൊന്നു; കൊലപാതകം നടത്തിയത് കാമുകനുമായി ഗൂഢാലോചന ചെയ്തശേഷം; മലയാളി അറസ്റ്റില്‍

52153_1471686535

മെല്‍ബണ്‍: കാമുകനൊപ്പം ജീവിക്കാന്‍ ഓസ്‌ട്രേലിയയിലെ മലയാളിയായ യുവതി ഭര്‍ത്താവിനെ സയനൈഡ് കൊടുത്തു കൊന്നു. മലയാളിയായ സാം ഏബ്രഹാമിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. യുവതിയുടെയും കാമുകന്റെയും ഫോണ്‍ സംഭാഷണമാണ് പോലീസിന് സഹായകമായത്. ഇരുവരും ഗൂഢാലോചന ചെയ്ത് നടത്തിയ കൊലയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ഭാര്യ സോഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് സാമിനെ സോഫിയും കാമുകനും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. എപ്പിംഗിലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന സാം ഏബ്രഹാമിനെ കഴിഞ്ഞ ഒക്ടോബര്‍ 14നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യ സോഫി പൊലീസിന് മൊഴി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പിന്നീട് സോഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഭാര്യയും കാമുകനും ചേര്‍ന്ന് ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായത്. കൊലപാതകത്തിന് സോഫിക്ക് കൂട്ടുനിന്ന കാമുകന്‍ അരുണ്‍ കമലാസന(34)നേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.52153_1471686535

മുമ്പും പലതവണ സാമിനെ വകവരുത്താന്‍ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാന്‍ തുനിഞ്ഞതെന്നും സോഫി പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. സാമിനെ കൊലപ്പെടുത്തുന്നിന് മൂന്നു മാസം മുമ്പു ജൂലൈയില്‍ സാമിനെതിരേ കൊലപാത ശ്രമം ഉണ്ടായതായും തെളിഞ്ഞിട്ടുണ്ട്. സാമിനെ കാറിനുള്ളില്‍ പതിയിരുന്ന് കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അരുണ്‍ കമലാസനന്‍ തന്നെയാണ് അന്ന് സാമിനെ വധിക്കാന്‍ ശ്രമിച്ചത്. അരുണിന്റെ ആക്രമണത്തില്‍ സാമിന് കഴുത്തിനും കവിളിനും പരിക്കു പറ്റിയിരുന്നു.

സാം മരിച്ച ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം പ്രതികള്‍ മലയാളത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്ത് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. സാമിന്റെ മരണ ശേഷം സോഫി എപ്പിംഗില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരിഗണനയിരിക്കുന്ന കേസ് കൂടുതല്‍ വിചാരണയ്ക്കായി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. അരുണ്‍ കമലാസനനെതിരേ കൊലപാതക ശ്രമത്തിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

അതേസമയം കോടതിയില്‍ ഹാജരാക്കിയ സോഫി നിര്‍വികാരയായിട്ടാണ് കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടു പ്രതികളും വിചാരണവേളയില്‍ നിശബ്ദര്‍ ആയിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. എപ്പിംഗിലെ കലാസന്ധ്യകളിലെ നിറസാന്നിധ്യമായിരുന്ന സാം പ്രവാസി മലയാളി സംഘടനകള്‍ നടത്തിയിരുന്ന പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. മികച്ച ഗായകനായിരുന്നു സാം. മെല്‍ബണ്‍ സിബിഡിയിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു.

പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ ഏബ്രഹാമിന്റേയും ലീലാമ്മയുടേയും മകനാണ് സാം. കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ മുന്‍ സെക്രട്ടറിയുമായിരുന്നു. സഹോദരന്‍ സാജന്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരനാണ്. സാമിന്റെ ഭാര്യാ സഹോദരി സോണിയയും ഭര്‍ത്താവ് റോഷനും എപ്പിംഗില്‍ തന്നെ താമസിക്കുന്നുണ്ട്. സാം- സോഫിയ ദമ്പതികള്‍ക്ക് നാലു വയസുള്ള ഒരു കുട്ടിയുണ്ട്.

രണ്ടു വര്‍ഷം മുമ്പാണ് സാമും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നത്. സാമിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇവിടെയുള്ള മലയാളി കുടുംബങ്ങള്‍. സോഫി കാമുകനുമായി ചേര്‍ന്ന് സാമിനെ വകവരുത്തിയിരിക്കുന്നു എന്ന സത്യം ഇനിയും ഇവിടത്തെ മലയാളികള്‍ക്ക് അംഗീകരിക്കാനായിട്ടില്ല.

Top