ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലെത്താന്‍ വെറും അരമണിക്കൂര്‍; വിമാനവേഗതയില്‍ പറക്കുന്ന ബുള്ളറ്റ് ട്രെയിനുകള്‍ കേരളത്തിലുമെത്തും

കൊച്ചി: വിമാന വേഗതയില്‍ കുതിക്കുന്ന തീവണ്ടികള്‍ ഇനി നമ്മുടെ നാട്ടിലേക്കുമെത്തുന്നു. അമേരിക്കന്‍ കമ്പനിയായ എലോണ്‍ മസ്‌കിന്റെ ആശയമാണ് ഹൈപ്പര്‍ലൂപ്പ് വണ്‍. നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് അതിവേഗത്തില്‍പായുന്ന ട്യൂബ് ട്രെയിനാണിത്. മണിക്കൂറില്‍ 1200 കിലോമീറ്ററിലധികമാണ് ഇതിന്റെ വേഗം. വിമാനത്തെക്കാള്‍ വേഗത്തില്‍ പായുമ്പോള്‍ ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലെത്താന്‍ വേണ്ടിവരിക അരമണിക്കൂര്‍ മാത്രം. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ പുനെയില്‍നിന്ന് മുംബൈയിലുമെത്താം. ഒന്നോ രണ്ടോ മണിക്കൂര്‍കൊണ്ട് ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരംവരെയും പാഞ്ഞെത്താം.

കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളിലൂടെ കുതിക്കുന്ന ട്യൂബ് ട്രെയിനാണ് ഹൈപ്പര്‍ലൂപ്പ്. വാക്വം ട്യൂബിലൂടെയാണ് ഇതിന്റെ കുതിപ്പ്. അതുകൊണ്ടാമ് ഇത്രയും വേഗം ആര്‍ജിക്കാനാവുന്നതും. ഇന്ത്യയില്‍ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന റൂട്ടുകള്‍ അടുത്തിടെ ഹൈപ്പര്‍ലൂപ്പ് ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈ-ബെംഗളൂരു, ചെന്നൈ-മുംബൈ, പുനെ-മുംബൈ, ബെംഗളൂരു-തിരുവനന്തപുരം എന്നിവയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള റൂട്ടുകള്‍.
താത്പര്യം അറിയിച്ചുകൊണ്ട് ഗതാഗത മന്ത്രാലയത്തെ ഹൈപ്പര്‍ലൂപ്പ് സമീപിച്ചുകഴിഞ്ഞു. അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനായി വിഭാവനം ചെയ്തിട്ടുള്ള റൂട്ടുകളിലാണ് ഹൈപ്പര്‍ലൂപ്പും കണ്ണുവച്ചിട്ടുള്ളത്. ഈ റൂട്ടുകളില്‍ ചൈനീസ് സംഘങ്ങളും ജാപ്പനീസ് സംഘങ്ങളും പഠനം നടത്തിയിരുന്നു. ഹൈപ്പര്‍ലൂപ്പിലെ യാത്രാക്കൂലി സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാകില്ലെന്നാണ് ഇപ്പോള്‍ കമ്പനി അവകാശപ്പെടുന്നത്. ലാഭിക്കുന്ന സമയത്തിന്റെ ചാര്‍ജാകും യാത്രക്കാര്‍ നല്‍കേണ്ടിവരിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൂണുകള്‍ക്ക് മുകളിലൂടെ ട്യൂബിലൂടെയാകും ഹൈപ്പര്‍ലൂപ്പ് കുതിക്കുക. തൂണുകള്‍ മാത്രം മതിയെന്നതിനാല്‍, നിര്‍മ്മാണ സമയവും കുറയ്ക്കാനാകും. ഇതിനാവശ്യമായ ഊര്‍ജം സൗരോര്‍ജത്തില്‍നിന്നാണ് ശേഖരിക്കുക. കാറ്റാടികളും ഇതിനായി ഉപയോഗിക്കും. സൗരോര്‍ജവും കാറ്റാടിയും ഉപയോഗിക്കുന്നതിനാല്‍, പ്രവര്‍ത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. വാഹനം പുറപ്പെടുമ്പോള്‍ മാത്രമേ ഊര്‍ജം ആവശ്യമായി വരൂ. പിന്നീട് കാന്തികോര്‍ജത്തിലാണ് വാഹനത്തിന്റെ കുതിപ്പ്.

ദുബായില്‍നിന്ന് അബുദാബിയിലേക്കാണ് ഹൈപ്പര്‍ലൂപ്പിന്റെ ആദ്യ ലൈന്‍ ഓടിത്തുടങ്ങുക. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും. ഇപ്പോള്‍ 90 മിനിറ്റ് വേണ്ട യാത്രയ്ക്ക് ഹൈപ്പര്‍ലൂപ്പില്‍ വേണ്ടിവരിക 12 മിനിറ്റ് മാത്രം. എന്നാല്‍, ഹൈപ്പര്‍ലൂപ്പ് ഇന്ത്യയില്‍ പ്രാവര്‍ത്തികമാവുമോ എന്ന കാര്യത്തില്‍ ഇവിടുത്തെ റെയില്‍വേ അധികൃതര്‍ക്ക് പൂര്‍ണവിശ്വാസമില്ല. പത്തുവര്‍ഷത്തിലേറെ ഉണ്ടെങ്കില്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ എന്ന് റെയില്‍വേ എന്‍ജിനീയര്‍മാര്‍ പറയുന്നു.മാത്രമല്ല, ചെന്നൈയില്‍നിന്ന് ബെംഗളൂരുവിലെത്താന്‍ 6000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക്. ഇത്രയും ചെലവേറിയ യാത്രയ്ക്ക് സര്‍ക്കാരും താത്പര്യം കാണിക്കാനിടയില്ലെന്നും അവര്‍ കരുതുന്നു.

Top