കൊച്ചി: ആനവേട്ട കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ ഇന്ന് തിരിച്ചറിയല്‍ പരേഡ്. പോലീസിനെ പോലും വെല്ലുന്ന തരത്തിലാണ് വനപാലകര്‍ മര്‍ദ്ദനം അഴിച്ചുവിട്ടത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആനവേട്ടക്കേസിലെ പന്ത്രണ്ടാം പ്രതി അജി ബ്രൈറ്റിന്റെ വാരിയെല്ലുകള്‍ മൂന്നെണ്ണം പൊട്ടിയതായാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കൂടെയുള്ള മറ്റ് മൂന്ന് പ്രതികളുടെ കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു.
പോലീസ് അവഗണിച്ച് ചികിത്സ നിഷേധിച്ച പ്രതികളെ ജയിലധികൃതരാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസാണ് ഇന്ന് പതിനൊന്ന് മണിക്ക് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്. കേസില്‍ പ്രതികളെ പിടികൂടുന്നതിന്റെ ചുമതല വഹിച്ചിരുന്ന ടിഎഫ്ഒ ടി ഉമ, ഭര്‍ത്താവ് വനം ഉദ്യോഗസ്ഥനായിരുന്ന കമലാഹര്‍ മര്‍ദ്ദിച്ച കേസില്‍ പ്രതികളാണ്. ഇവര്‍ അടക്കം പലരും അജി ബ്രൈറ്റ് അടക്കമുള്ളവരെ മര്‍ദ്ദിച്ചു എന്നതിന് കൂട്ടുപ്രതികള്‍ സാക്ഷികളാണ്.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അജി ബ്രൈറ്റിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍, ഇരുമ്പുകമ്പിയില്‍ തുണിചുറ്റിയും ഇരുമ്പുകട്ടികള്‍ തോര്‍ത്തില്‍ പൊതിഞ്ഞും അടിച്ചതാണെന്ന് ഡോക്ടറോട് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. 13ാം പ്രതി പ്രിസ്റ്റന്‍ സില്‍വയുടെ കാലില്‍ ഇരുകാലുകളും ചേര്‍ത്തുവച്ച് ലാത്തികൊണ്ടുരുട്ടിയെന്നാണ് പറയുന്നത്. മുട്ടുമുതല്‍ താഴേക്ക് നീളത്തില്‍ തൊലി ഇളകിപ്പോയിരുന്നു.
30ാം പ്രതി സുകുമാരനെന്ന സുകുവിന് സാരമായി പരുക്കേറ്റിട്ടും ചികില്‍സയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് പേരിനൊരു പരിശോധന നടത്തിച്ച് മൂവാറ്റുപുഴ ജയിലിലേക്ക് തിരിച്ചയക്കുന്ന ദൃശ്യവും ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. ചോദ്യംചെയ്യലിനിടെ കാലില്‍ ഉദ്യോഗസ്ഥര്‍ ചുറ്റികക്ക് അടിച്ചുവെന്നാണ് പരാതി.
ആത്മഹത്യ ചെയ്ത പ്രതി ഐക്കരമറ്റം വാസുവിനെ ജോലിക്കുനിര്‍ത്തിയ തോട്ടമുടമ മനോജിനെയും കുഴഞ്ഞുവീഴുന്ന സ്ഥിതിയിലാണ് കോടതിയില്‍ എത്തിച്ചത്. മനോജിനും കാലിലെ അസ്ഥിക്കാണ് പൊട്ടല്‍. ഇതൊക്കെയാണെങ്കിലും മനോജ് അടക്കമുള്ളവര്‍ കോടതിയില്‍ പരാതി പറഞ്ഞില്ല എന്നതാണ് ഉദ്യോഗസ്ഥരുടെ ന്യായം. ഇത് ഭീഷണി മൂലമെന്നാണ് സൂചന.
വനംവകുപ്പിന്റെ ചരിത്രത്തിലെ വലിയ കേസുകളിലൊന്നായി ആനവേട്ടക്കേസ് മാറിക്കഴിഞ്ഞു. നാല്‍പതോളം പ്രതികളും പിടിയിലായി. എന്നാല്‍ ഇതിന് തക്കവിധം പരിചയസമ്പത്തില്ലാത്ത വനം ഉദ്യോഗസ്ഥര്‍, ക്രൂരമായ മൂന്നാംമുറ പ്രയോഗിക്കുന്നതായി ആദ്യം മുതല്‍ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.
സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ച ക്രൈംബ്രാഞ്ച് സംഘം രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് തിരിച്ചറിയല്‍ പരേഡിന് നോട്ടീസ് നല്‍കിയത്. അന്വേഷണം അട്ടിമറിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും ശക്തമായ തെളിവുകള്‍ പ്രതികളെ കുടുക്കുകയായിരുന്നു. ഇന്ന് നെയ്യാറ്റിന്‍കര കോടതിയിലാണ് തിരിച്ചറിയല്‍ പരേഡ്.