കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ അജിങ്ക്യ രഹാനെയുടെ സെഞ്ച്വറിയുടെ ബലത്തില്‍ 413 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയ ഇന്ത്യക്കെതിരെ രണ്ടിന് 72 എന്ന നിലയിലാണ് ശ്രീലങ്ക ഇപ്പോള്‍. കൗശല്‍ സില്‍വയും (1) അന്താരാഷ്ട്ര കരിയറിലെ അവസാന ഇന്നിങ്‌സിന് ഇറങ്ങിയ കുമാര്‍ സംഗക്കാര 18 റണ്‍സെടുത്ത് പുറത്തായി.
സ്‌കോര്‍: ഇന്ത്യ- 393, 325/8 (ഡിക്ലയേഡ്); ശ്രീലങ്ക- 306, 72/2.
അജിങ്ക്യ രഹാനെയുടെയും (126) മുരളി വിജയിന്റെയും (82) രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്ന 140 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് അടിത്തറയായത്. 243 പന്തില്‍ പത്ത് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. 133 പന്തില്‍ 82 റണ്‍സെടുത്ത വിജയ് നാല് ബൗണ്ടറികളും രണ്ട് സിക്‌സുമടിച്ചു. 34 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയ മറ്റൊരു ബാറ്റ്‌സ്മാന്‍.
എട്ട് വിക്കറ്റിന് 325 എന്ന സ്‌കോറില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീലങ്കന്‍ ബൗളര്‍മാരില്‍ ധമ്മിക പ്രസാദും തരിന്ദു കൗശലും നാല് വിക്കറ്റ് വീതം പങ്കിട്ടു.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയുടെ രണ്ട് വിക്കറ്റും പിഴുതത് സ്പിന്നര്‍ രവി അശ്വിനാണ്. പത്തോവറില്‍ 27 റണ്‍ വഴങ്ങിയാണ് അശ്വിന്‍ രണ്ട് വിക്കറ്റ വീഴ്ത്തിയത്.