ന്യൂദല്‍ഹി: ആദാര്‍ സുരക്ഷിതമല്ലെന്നും സ്വകാര്യ വിവരങ്ങള്‍ വാങ്ങാന്‍ കിട്ടുന്ന തരത്തില്‍ വന്‍ രീതിയില്‍ ചോര്‍ച്ച ഉണ്ടായെന്നും തെളിഞ്ഞത് വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ ആധാറിന്റെ ആധികാരികത തന്നെ ചോദ്യം ചെയ്ത് സുപ്രീം കോടതി.
ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ വീടും സ്ഥിരമായ മേല്‍വിലാസവും ഇല്ലാത്തവര്‍ക്ക ആധാര്‍ നല്‍കുന്നതിന്റെ പ്രായോഗികതയെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന കിടപ്പാടമില്ലാത്തവര്‍ക്ക് എങ്ങനെയാണ് ആധാര്‍ ലഭ്യമാക്കുകയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു.
വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ മേല്‍വിലാസമില്ലാത്തവരെ സര്‍ക്കാരിന്റെ ഭാഗമായി കാണുന്നില്ലെയെന്നും ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ സാമൂഹ്യക്ഷേമ ബെഞ്ച് ചോദിച്ചു. ഉത്തര്‍പ്രദേശില്‍ വീട്ടിലാത്തവര്‍ക്ക് ആവശ്യത്തിന് രാത്രികാല അഭയകേന്ദ്രങ്ങള്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യങ്ങള്‍.
2011ലെ സെന്‍സസ് പ്രകാരം രാജ്യത്ത് 17ലക്ഷം ആളുകള്‍ ഭവനരഹിതരാണ്. ഇത് ജനസംഖ്യയുടെ 0.15 ശതമാനമാണ്. അതേസമയം വീടില്ലാത്തവര്‍ രാജ്യത്തിന്റെ ഭാഗമല്ലെന്ന് പറയുന്നത് തെറ്റാണെന്ന് വ്യക്തമാക്കിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹത നഗരപ്രദേശങ്ങളില്‍ ഭവനരഹിതമായി കഴിയുന്നവര്‍ ഗ്രാമങ്ങളില്‍ നിന്ന് കുടിയേറിയവരാണെന്നും അവര്‍ക്ക് സ്വന്തം നാട്ടില്‍ വീടും വിലാസവും ഉണ്ടാകുമെന്നും കോടതിയെ അറിയിച്ചു.
ഇക്കാര്യത്തില്‍ ആധാര്‍ അതോറിറ്റിയില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടാമെന്നും തുഷാര്‍ മെഹത കോടതിയെ അറിയിച്ചു. വടക്കേ ഇന്ത്യ കൊടും ശൈത്യം നേരിടുന്ന സാഹചര്യത്തില്‍ രാത്രിസങ്കേതങ്ങളുടെ അപര്യാപ്തതയില്‍ വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.