മുംബൈ : നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയ്‌ക്കെതിരേ പോലീസ് കേസ്. വ്യാജരേഖകള്‍ ചമച്ച് ബാര്‍ ലൈസന്‍സ് നേടിയെന്ന പരാതിയിലാണ് നടപടി.
എക്‌സൈസ് വകുപ്പിന്റെ പരാതിയില്‍ താണെ കോപ്രി പോലീസാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വാംഖഡെയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്.
എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്ക്ക് നിയമപ്രകാരം ഇത്തരം കരാറുകളില്‍ ഏര്‍പ്പെടാനുള്ള പ്രായമായിരുന്നില്ലെന്നും എന്നാല്‍ സദ്ഗുരു ഹോട്ടലിന് വേണ്ടിയുള്ള കരാറില്‍ അദ്ദേഹം പ്രായപൂര്‍ത്തിയായെന്ന് അവകാശപ്പെട്ടിരുന്നതായും എഫ്.ഐ.ആറില്‍ പറയുന്നു.
മന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക്കാണ് സമീര്‍ വാംഖഡെയുടെ പേരില്‍ 17-ാം വയസ്സില്‍ ബാര്‍ ലൈസന്‍സ് നേടിയിട്ടുണ്ടെന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്. നവി മുംബൈയിലെ ഹോട്ടല്‍ സദ്ഗുരുവിലെ ബാറിനാണ് 17-ാം വയസ്സില്‍ സമീര്‍ വാംഖഡെയുടെ പേരില്‍ ലൈസന്‍സ് അനുവദിച്ചത്.
സംഭവം വിവാദമായതോടെ എക്‌സൈസ് അന്വേഷണം നടത്തുകയും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേയാണ് വാംഖഡെയ്ക്ക് ലൈസന്‍സ് കിട്ടിയതെന്ന് കണ്ടെത്തുകയുമായിരുന്നു.1997 ഒക്ടോബര്‍ 27-ന് സമീര്‍ വാംഖഡെയുടെ പേരില്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചപ്പോള്‍ അദ്ദേഹത്തിന് 17 വയസ്സായിരുന്നു പ്രായമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
തുടര്‍ന്നാണ് സമീര്‍ വാംഖഡെയ്ക്കെതിരേ തുടര്‍ നടപടികളിലേക്ക് കടന്നത്. ക്രമക്കേട് കാണിച്ചാണ് ലൈസന്‍സ് നേടിയതെന്ന് കണ്ടെത്തിയതോടെ ബാര്‍ ലൈസന്‍സ് റദ്ദാക്കാന്‍ താണെ കളക്ടറും ഉത്തരവിട്ടിരുന്നു.