കോഴിക്കോട്: ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വന്നിരുന്ന പാചക വാതക റീഫില്ലിംഗ് കേന്ദ്രത്തില്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. മുക്കം നഗരസഭയിലെ കാദിയോട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ഇവിടെ റീഫില്ലിംഗ് നടത്തിക്കൊണ്ടിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു.
ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഗാസ് സിലിണ്ടറുകളില്‍ നിന്ന് വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിലേക്ക് വാതകം നിറക്കുകയാണ് ഇവിടെ ചെയ്തു വന്നിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇവിടെ നിന്നും നിരവധി ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് യന്ത്രങ്ങള്‍ ഉപയോഗിച്ച് ജനവാസ മേഖലയില്‍ തീര്‍ത്തും അപകടകരമായ സാഹചര്യത്തിലാണ് പ്രവര്‍ത്തനം നടന്നിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. സ്ഥാപനത്തിന്റെ ഉടമയെക്കുറിച്ച് അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ജോജി സഖറിയയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.