ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയതിനെതിരെ കോൺഗ്രസ് എംപിമാർ സുപ്രീംകോടതിയെ സമീപിച്ചു. രാജ്യസഭാ എംപിമാരായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹർഷദ്‌റായ് യജ്നിക് എന്നിവരാണ് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്‍റെ തീരുമാനത്തിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്.
അന്വേഷണസമിതി രൂപീകരിക്കുക മാത്രമായിരുന്നു ഉപരാഷ്ട്രപതിയുടെ ജോലിയെന്നും എന്നാല്‍ അദ്ദേഹം അത് നിര്‍വഹിച്ചില്ലെന്നുമാണ് എംപിമാരുടെ ആരോപണം. അതേസമയം ഹർജി ചൊവ്വാഴ്ച ശ്രദ്ധയിൽപ്പെടുത്താൻ ജസ്റ്റീസ് ജെ.ചലമേശ്വർ അറിയിച്ചെന്ന് കോൺഗ്രസിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഉപരാഷ്ട്രപതിയുടെ നടപടിയിൽ ഭരണഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 24 നാണു 71 എം പി മാർ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയത്തിന് വെങ്കയ്യ നായിഡു അനുമതി നിഷേധിച്ചത്. പത്തു പേജുള്ള ഉത്തരവിൽ പ്രമേയത്തിൽ വേണ്ടത്ര വിവരങ്ങൾ ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇതിനെതിരെയാണ് രണ്ടു എം പി മാർ കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ കൂടിയായ കപിൽ സിബൽ ഇനി മുതൽ ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ ഹാജരാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്