യു.എസിലെ ടെന്നെസ്സിയില്‍ നിന്നുള്ള വിര്‍ജീനിയ, ടോമി സ്റ്റീവന്‍സ് ദമ്പതികള്‍ ജീവിതത്തിലും മരണത്തിലും ഒരുമിച്ച് യാത്ര ചെയ്തവരാണ്.
69 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ അടുത്താണ് ഇരുവരും മരണപ്പെട്ടത്. രണ്ടുപേരും ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായി. ജീവിതത്തിന്റെ മുക്കാല്‍ഭാഗവും ഇവര്‍ ഒരുമിച്ച് ജീവിച്ചു. അവസാന കാലത്ത് ആശുപത്രിക്കിടക്കയില്‍ കരങ്ങള്‍ കോര്‍ത്ത് പിടിച്ച് മരണത്തിലേക്ക്. ഇരുവരും കരങ്ങള്‍ കോര്‍ത്ത് പിടിച്ച് ആശുപത്രിയിയില്‍ കിടക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
69 -ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ടോമി സ്റ്റീവന്‍സ് (91) അന്തരിച്ചത്. സെപ്റ്റംബര്‍ 8 -നായിരുന്നു മരണം. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം വിര്‍ജീനിയയും(91) തന്റെ ഭര്‍ത്താവിനൊപ്പം യാത്രയായി. ഇരുവരും അവസാന നിമിഷങ്ങള്‍ ചിലവഴിച്ചത് വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലായിരുന്നു. ഒരുപക്ഷേ, മരണത്തിന് കീഴടങ്ങുമ്പോള്‍ പോലും ടോമിക്ക് അറിയാമായിരുന്നിരിക്കണം പ്രിയപ്പെട്ടവള്‍ തന്നെ തനിച്ചാക്കുകയില്ല എന്ന്.