ലോ അക്കാദമി സമരത്തില്‍ സിപിഐയുടെ പിന്തുണ തേടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ ലക്ഷ്മിനായര്‍ക്ക് നാണംകെട്ട മടക്കം. തിരുവനന്തപുരത്ത് എംഎന്‍ സ്മാരകത്തിലെത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ലക്ഷ്മി നായരുടെ ആവശ്യം സിപിഐ തള്ളി.
വ്യാഴാഴ്ച വൈകീട്ടാണ് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മീ നായര്‍ അച്ഛന്‍ നാരായണന്‍ നായര്‍ക്ക് ഒപ്പം എംഎന്‍ സ്മാരകത്തിലെത്തിയത് . സിപിഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫ് കൂടി സമര രംഗത്തുളള സാഹചര്യത്തില്‍ പാര്‍ട്ടി പിന്തുണയഭ്യര്‍ത്ഥിക്കുകയായിരുന്നു ഉദ്ദേശ്യം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയില്‍ സമരം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ലക്ഷ്മി നായര്‍ ഉന്നയിച്ചത്.
എന്നാല്‍ അക്രമ സമരം നടത്തിയ എസ്എഫ്‌ഐയുമായി മാത്രം അനുരഞ്ജന കരാറുണ്ടാക്കിയതില്‍ കാനം കടുത്ത അസംതൃപ്തി അറിയിച്ചു. സമരത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം ഒറ്റക്കെട്ടാണ്. ആദ്യം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കപ്പെടട്ടെ, ബാക്കി കാര്യം പിന്നീടെന്ന നിലപാടായിരുന്നു കാനം രാജേന്ദ്രന്‍ കൈക്കൊണ്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.