പാകിസ്താന്റെ വ്യോമാക്രമണശ്രമം പരാജയപ്പെടുത്തുന്നതിനിടെ തടവിലാക്കപ്പെട്ട പൈലറ്റിന്റെ മോചനത്തിനായി ഇന്ത്യ സമ്മര്‍ദം ശക്തമാക്കുകയാണ്. ജനീവ കരാര്‍ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ ഉടന്‍ വിട്ടു നല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാല്‍ പാകിസ്താന്റെ ഭാഗത്തു നിന്നും ഇതുവരെയും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രണ്ട് തവണ മൂന്ന് സേനാ മേധാവികളുമായി ചര്‍ച്ച നടത്തി. പാകിസ്താന്റെ സമ്മര്‍ദങ്ങള്‍ക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിര്‍ദേശമാണ് സൈന്യത്തിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അതേസമയം, അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. പരിക്കേറ്റ പൈലറ്റിനെ മോശമായി ചിത്രീകരിച്ചതിലുള്ള പ്രതിഷേധവും പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ഷായെ വിളിച്ചുവരുത്തി ഇന്ത്യ അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്ക് ഇന്ത്യ കൈമാറി. അതേസമയം അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി നല്‍കി. അതിനിടെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ ശബ്ദ സന്ദേശം പുറത്തു വന്നു. ജെയ്‌ഷെ ഭീകര ക്യാംപ് ആക്രമിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് മസൂദ് അസര്‍ പറയുന്നു. അതിനിടെ, സംഘര്‍ഷ സാഹചര്യങ്ങള്‍ തീരുന്നവരെ ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും രാഷ്ട്രീയ പരിപാടികള്‍ മാറ്റിവെയ്ക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷഭരിതമായ സാഹചര്യങ്ങളിലൂടെ രാജ്യം കടന്നു പോവുകയും ചെയ്ത സമയത്ത് ഖേലോ ഇന്ത്യ പരിപാടിയുടെ ആപ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വ്യോമാക്രമണം ബി ജെ പി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തുവന്നു. നേരത്തേ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനങ്ങളിലൊന്ന് ഇന്ത്യ വെടിവെച്ചിട്ടിരുന്നു.അതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്താനുള്ള പാകിസ്താന്‍ വ്യോമസേനയുടെ ശ്രമത്തെ ധീരമായി ചെറുത്തു തോല്‍പിക്കുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റിനെ കാണാതായത്. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തു. ഇതിനിടെ പാകിസ്താനെതിരെ കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തുവന്നു. ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് തലവനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യു.എന്‍ രക്ഷാസമതിയില്‍ ആവശ്യപ്പെട്ടു.
പാക് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതോടെ പാകിസ്താന്‍ കൂടുതല്‍ പ്രതിരോധത്തിലായി. പാകിസ്താനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഡല്‍ഹിയിലും കശ്മീരിലും വിഘടനവാദികളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.