ഇന്ത്യക്കാരനായ യുവാവിന് പാക്കിസ്ഥാന്‍കാരി വധു ; പക്ഷെ… 

ബറേലി :ഇന്ത്യക്കാരനായ യുവാവിന് പാക്കിസ്ഥാന്‍കാരി വധു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ വസീം ഇംതിയാസിന്റെ മകന്‍ 30 വയസ്സുകാരനായ അലി ഷാനാണ് പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശി സുഹൈല്‍ അക്തറിന്റെ മകള്‍ അഫ്‌സയെ നിക്കാഹ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 9 നായിരുന്നു വിവാഹം. ഇതിനായി ബന്ധുക്കളുമൊത്ത് അലി ഷാന്‍ ഡിസംബര്‍ അഞ്ചാം തീയതി ലാഹോറിലെത്തി. വരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം 30 പേര്‍ക്കാണ് വിവാഹ ചടങ്ങുകള്‍ക്ക് ലാഹോറിലേക്ക് പോകുവാന്‍ അനുമതി ലഭിച്ചത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധുവിനെയും കൂട്ടി ഡിസംബര്‍ 9 ന് നാട്ടിലേക്ക് മടങ്ങി. അതിര്‍ത്തിയില്‍ വെച്ച് ഇരു രാജ്യത്തിന്റെയും സൈനികര്‍ തങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നതായി അലി ഷാന്‍ പറയുന്നു. ഇന്ത്യയുടെ മരുമകളായി വരുവാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് വധു അഫ്‌സയും പറയുന്നു. ഇരു രാജ്യങ്ങള്‍ക്കിടയിലും സ്‌നേഹവും സൗഹാര്‍ദ്ദവും വളരുന്നതില്‍ തങ്ങളുടെ വിവാഹം ഒരു കാരണമാകുന്നതില്‍ സന്തോഷമുണ്ടെന്നും അഫ്‌സ പറയുന്നു. വിഭജന സമയത്താണ് അഫ്‌സയുടെ കുടുംബം ഉത്തര്‍പ്രദേശില്‍ നിന്നും പാക്കിസ്ഥാനിലേക്ക് പോയത്. അഫ്‌സയുടെ ഏതാനും ബന്ധുക്കള്‍ ഇപ്പോഴും ബറേലിയിലുണ്ട്. ഇവര്‍ വഴിയാണ് ഈ കല്യാണാലോചന അലി ഷാന്റെ കുടുംബത്തെ തേടിയെത്തിയത്. 30 ദിവസം മാത്രമാണ് അഫ്‌സയ്ക്ക് ഇന്ത്യയില്‍ അനുവദിച്ച് കിട്ടിയിട്ടുള്ള വിസാ കാലാവധി. ഇതിനാല്‍ അഫ്‌സയ്ക്ക് ഉടനെ നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഇത് നീട്ടി കിട്ടുവാനായി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന് അപേക്ഷ അയച്ച് കാത്ത് നില്‍ക്കുകയാണ് ഇരുവരും.

Top