ന്യൂദല്‍ഹി: കശ്മീര്‍, സിഎഎ വിഷയങ്ങളില്‍ തീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാട് എടുത്ത മലേഷ്യന്‍ സര്‍ക്കാറിനെതിരെ ഇന്ത്യ ഉപരോധം ശക്തമാക്കി.ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞതിനാണ് കേന്ദ്ര സര്‍ക്കാര്‍. മലേഷ്യയ്‌ക്കെതിരെ ഉപരോധം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി പാമോയില്‍ ഇറക്കുമതി നിയന്ത്രിച്ചിരുന്നു. തുടര്‍ന്നും ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. കശ്മീര്‍ വിഷയത്തിലാണ് മലേഷ്യ ആദ്യം ഇന്ത്യയ്‌ക്കെതിരെ രംഗത്ത് വന്നത്. പിന്നാലെ പൗരത്വ നിയമ ഭേദഗതിയിലും മലേഷ്യ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
സാക്കിര്‍ നായിക്കിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ആവശ്യവും മലേഷ്യ അംഗീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്ത്യ നിലപാട് ശക്തമാക്കിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. നിലവില്‍ സ്വതന്ത്രമായ ഇറക്കുമതിയുടെ വിഭാഗത്തിലാണ് പാമോയിലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, പുതിയ ഉത്തരവ് പ്രകാരം നിയന്ത്രിത വിഭാഗത്തിലേക്ക് പാമോയിലിനെ മാറ്റിയിരിക്കുകയാണ്. നിയന്ത്രണമാണെങ്കിലും ഫലത്തില്‍ സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതി നിരോധിക്കുന്നതിനു തുല്യമാണ്. ഇതോടെ, അസംസ്‌കൃത പാമോയില്‍ ഇറക്കുമതിക്കായിരിക്കും മുന്‍ഗണന.
ഇന്ത്യയിലേക്ക് സംസ്‌കരിച്ച പാമോയിലും പാമോലിനും ഇറക്കുമതി ചെയ്യുന്നതില്‍ ഭൂരിഭാഗവും മലേഷ്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ ഈ തീരുമാനം മലേഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. പൗരത്വ നിയമത്തിന്റെ ആവശ്യമെന്താണെന്നും, മതേതര രാജ്യത്തിന്റെ ഈ നടപടി ഖേദകരമാണെന്നുമാണ് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ പ്രതികരണം. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയും, മലേഷ്യന്‍ പ്രധാന മന്ത്രി മഹാതീര്‍ മുഹമ്മദിന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ മലേഷ്യ ഇടപെടേണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിക്കുകയും ചെയ്തു. കൂടാതെ മലേഷ്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തിയും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.