ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയം. ആവേശവും ആരവും വര്‍ണനയ്ക്കും അതീതമായ ഇന്ത്യ പാകിസ്താന്‍ പോരാട്ടത്തില്‍ ഇന്ത്യക്ക്് ആഘോഷ ജയം. 124 റണ്‍സിനാണ് ചിരവൈരികളായ പാകിസ്താനെ ഇന്ത്യ നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്തു. എന്നാല്‍ മഴ വില്ലനായപ്പോള്‍ പാകിസ്താന്റെ വിജയ ലക്ഷ്യം 41 ഓവറില്‍ 289 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ പാകിസ്താന്റെ പോരാട്ടം 33.4 ഓവറില്‍ 164 റണ്‍സില്‍ അവസാനിച്ചു.
ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന്റെ ലക്ഷ്യം 289 ആക്കി ചുരുക്കിയിരുന്നു. 41 ഓവറില്‍ വിജയലക്ഷ്യത്തിലെത്തുന്നതിന് മുമ്പെ ഇന്ത്യന്‍ ബോളിങ്‌നിര പാകിസ്താനെ എറിഞ്ഞിട്ടു. 164 റണ്‍സ് മാത്രമേ പാകിസ്താന് സ്‌കോര്‍ ചെയ്യാനായുള്ളൂ. 34-ാം ഓവറില്‍ പാകിസ്താന്‍ ഓള്‍ ഔട്ടായി. ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. യുവരാജ് സിങ്ങാണ് മാന്‍ ഓഫ് ദ മാച്ച്. ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെയുള്ള രണ്ടാം വിജയമാണ് ഇന്ത്യയുടേത്.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് ഇന്ത്യന്‍ ബാറ്റിങ് നിര അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത ശര്‍മ 119 ബോളില്‍ 91 റണ്‍സ് നേടി. നായകന്‍ കോഹ്ലി 68 പന്തില്‍ നിന്ന് 81 റണ്‍സ് സ്‌കോര്‍ ചെയ്ത് പുറത്താകാതെ നിന്നു. യുവരാജ് സിങ് 32 പന്തില്‍ നിന്ന് 53 റണ്‍സും ശിഖര്‍ ധവാന്‍ 64 ബോളില്‍ നിന്ന് 68 റണ്‍സും നേടി. ഹര്‍ദിക് പാണ്ഡ്യ അവസാന ഓവറില്‍ പായിച്ച ഹാട്രിക് സിക്സാണ് ഇന്ത്യയെ 300 കടത്തിയത്.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കാനുള്ള പാക് നായകന്‍ സര്‍ഫറാസ് ഖാന്റെ തീരുമാനത്തെ തെറ്റിക്കുന്ന പ്രകടനമാണ് ധവാനും(68) രോഹിതും (91) ചേര്‍ന്ന് ഇന്ത്യക്കു സമ്മാനിച്ചത്. മുഹമ്മദ് അമീറിന്റെ ആദ്യ സ്‌പെല്ലില്‍ കരുതലോടെ ബാറ്റ് വീശി പതിയെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ച ശേഷം തല്ലിതകര്‍ത്തു. ധവാന്‍ കൂടുതല്‍ ആക്രമകാരിയായി മുന്നേറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം കുതിച്ചു. 65 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും പറത്തി 68 റണ്‍സെടുത്ത ധവാനെ ഷദാബ് ഖാന്‍ പുറത്താക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 24.3 ഓവറില്‍ ഒരു വിക്കറ്റിന് 136 എന്ന മികച്ച നിലയിലായിരുന്നു.
രണ്ടാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും ബാറ്റിങില്‍ താളം കണ്ടെത്തിയതോടെ പാകിസ്താന്‍ ബൗളര്‍മാര്‍ വലഞ്ഞു. ഒരു വശത്ത് മികച്ച ഷോട്ടുകളുമായി സെഞ്ച്വറിയിലേക്ക് കുതിച്ച രോഹിത് ശര്‍മ നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി. 119 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും പറത്തി 91 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തി ടീമിലേക്ക് തിരിച്ചെത്തിയ യുവരാജ് സിങ് പാക് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. 32 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സറും പറത്തി കത്തിക്കയറിയ യുവരാജിനെ ഹസന്‍ അലി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അവസാന ഓവറില്‍ ക്രീസിലെത്തിയ ഹര്‍ദിക് ആദ്യ മൂന്ന് പന്തും സിക്‌സര്‍ പറത്തിയതാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 300 കടത്തിയത്.പാകിസ്താന് വേണ്ടി ഹസന്‍ അലി, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു.
ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – പാകിസ്താന്‍ ക്രിക്കറ്റ് മല്‍സരം നടക്കുന്നതിന് മുമ്പ് മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞത് പാക് ഫാസ്റ്റ് ബൗളിങ് നിരയ്ക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്നടിയും എന്നായിരുന്നു. മല്‍സര ശേഷം ഇന്‍സമാം പറഞ്ഞ വാക്കുകള്‍ ശരിയായിരിക്കുന്നു. പക്ഷേ തകര്‍ന്നടിഞ്ഞത് ഇന്ത്യയുടെ ബൗളിങിന് മുന്നില്‍ പാകിസ്താനാണെന്ന് മാത്രം.പാക് നിരയില്‍ അസര്‍ അലി(50), മുഹമ്മദ് ഹഫീസ്(33) എന്നിവര്‍ക്ക് മാത്രമാണ് നേരിയ ചെറുത്ത് നില്‍പ്പെങ്കിലും നടത്തിയത്. ഇന്ത്യക്കുവേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി തുടങ്ങി.