ബെയ്ജിങ് : മറ്റൊരു യുദ്ധത്തിന് ചൈന കോപ്പ് കൂട്ടുകയാണോ ?അതിർത്തിയിൽ സംഘർഷം ശക്തമായിരിക്കെ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം ശക്തമാക്കിയിരിക്കുന്നു.സിക്കിം അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് ടിബറ്റില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പടയൊരുക്കം. നിരവധി സൈനിക വാഹനങ്ങളും ഉപകരണങ്ങളും ടിബറ്റിലേക്കു മാറ്റിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ടിബറ്റിലെ കുന്‍ലുന്‍ മലനിരകളുടെ ദക്ഷിണ ഭാഗത്തേയ്ക്ക് റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെയാണ് ഇവ മാറ്റിയിരിക്കുന്നത്.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ കമാന്‍ഡാണ് സൈനിക നീക്കം നടത്തിയിരിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് വിവരിക്കുന്നു.
സിന്‍ജിയാങ്, ടിബറ്റ് എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതും വെസ്റ്റേണ്‍ കമാന്‍ഡാണ്.
എന്നാല്‍ അതിര്‍ത്തിയിലെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനാണോ ഇവ മാറ്റിയതെന്നു വ്യക്തമല്ല. ടിബറ്റില്‍ ചൈനീസ് സേന സൈനികാഭ്യാസം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിക്കിം മേഖലയില്‍ ദോക് ലായില്‍ ഇന്ത്യ-ചൈന സൈനികര്‍ മുഖാമുഖം നില്‍ക്കുന്നതു തുടരുന്നതിനിടെയാണു വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) സൈനികാഭ്യാസം നടത്തിയത്. ദ്രുത സേനാ വിന്യാസം മുതല്‍ നവീന ആയുധങ്ങള്‍ വരെ അഭ്യാസത്തില്‍ ഉപയോഗിച്ചു. ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍(എല്‍എസി) കാവലുള്ള പിഎല്‍എ ടിബറ്റ് കമാന്‍ഡ് ആണ് അഭ്യാസത്തില്‍ പങ്കെടുത്തത്.
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ത്യയും ഭൂട്ടാനും ചൈനയും ചേരുന്ന ട്രൈജംക്ഷനിലാണ് ഇപ്പോള്‍ പ്രശ്നം. ചൈന ഇവിടെ സോംപെല്‍റി ഭാഗത്ത് റോഡ് നിര്‍മ്മാണം തുടങ്ങിയതാണു പ്രശ്നത്തിന്റെ തുടക്കം. ആദ്യം ഭൂട്ടാനും പിന്നാലെ ഇന്ത്യയും ഇതിനെ എതിര്‍ത്തു. ദോക് ലാ ഭാഗത്ത് ഉടന്‍ തന്നെ ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിക്കുകയും ചെയ്തു.
അതിര്‍ത്തിയിലെ തല്‍സ്ഥിതി ലംഘിച്ചതു ചൈനയാണെന്നാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യമാണ് അതിര്‍ത്തി ലംഘിച്ചതെന്നാണ് ചൈനയുടെ ആരോപണം. മുമ്പ് 2013ല്‍ ലഡാക്കിലെ ദെസ് പാങ്ങിലും 2014 ല്‍ ചുമാറിലും അതിര്‍ത്തിത്തര്‍ക്കം ഉണ്ടായപ്പോള്‍ മൂന്നാഴ്ച കൊണ്ടു പ്രശ്ന പരിഹാരത്തിനു കഴിഞ്ഞിരുന്നു. അന്നു തല്‍സ്ഥിതി തുടരാന്‍ ഇരുപക്ഷവും തീരുമാനിക്കുകയും സൈന്യങ്ങളെ പിന്‍വലിക്കുകയുമാണു ചെയ്തത്. ഇത്തവണ പ്രശ്നം മൂന്നാഴ്ച കഴിഞ്ഞും നീളുകയാണ്