ശ്രീനഗര്‍: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിക്കെതിരെ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഏഴോളം പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
ഏഴോളം പാക് സൈനികരെ കൊലപ്പെടുത്തുകയും കൃഷ്ണഘട്ടി മേഖലയിലെ നിയ്ന്ത്രണരേഖയ്ക്ക് സമീപമുള്ള കൃപാന്‍, പിമ്പിള്‍ എന്നീ സൈനിക പോസ്റ്റുകള്‍ സൈന്യം തകര്‍ക്കുകയും ചെയ്തു. 647 മുജാഹിദ്ദീന്‍ ബറ്റാലിയനിലെ അഞ്ചു മുതല്‍ എട്ടോളം പാക് സൈനികരാണ് ഈ സൈനീക പോസ്റ്റുകളിലുണ്ടായിരുന്നതെന്നാണ് വിവരം.
രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയെ പാക് നടപടിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരുന്നു. സൈന്യത്തിനെതിരെ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി ശക്തമാക്കാനാണ് തീരുമാനം. തിരിച്ചടി സംബന്ധിച്ച് സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായി കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.
സൈനികരുടെ മൃതദേഹം വികൃകതമാക്കിയ നടപടിക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പും നല്‍കിയിരുന്നു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരിലെത്തി സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്.
നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 250 മീറ്ററിലേറെ കടന്നുകയറിയ പാക് സൈന്യം വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ മൃതദേഹം വികൃതമാക്കിയിരുന്നു. ബിഎസ്എഫ് 200ാം ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍ 22 സിഖ് റെജിമെന്റിലെ ജവാന്‍ പരംജീത് സിങ് എന്നിവരാണ് പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ചത്.
ആസൂത്രിത നീക്കമാണ് പാക് സൈന്യം നടത്തിയതെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും നിയന്ത്രണരേഖ കടന്നിട്ടില്ലെന്നുമാണ് സംഭവത്തെ കുറിച്ച് പാകിസ്താന്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്.