ശാലിനി ( Special Story)
ജമ്മു/ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ റിപബ്ലിക് ദിനാഘോഷങ്ങള്‍ വെറും നാല് നാള്‍ അകലെ. രാജ്യത്ത് ജനുവരി 26 നു വിവിധയിടങ്ങളില്‍ ഭീകരവാദികള്‍ ആക്രമണത്തിന് നേതൃത്വം നല്‍കുമെന്ന് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രമുഖ നഗരങ്ങളിലും രാജ്യതലസ്ഥാനത്തും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി.
അതിനിടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ മൂന്നു ദിവസമായി രൂക്ഷമായി പ്രകോപനം തുടരുകയാണ്. കനത്ത ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. നിര്‍ത്താതെയുള്ള ഈ പ്രകോപനം അതിര്‍ത്തിയിലൂടെ ഭീകരവാദികളെ കടത്തി വിടാനാണ് എന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഈ വിവരം ജമ്മു കാഷ്മീര്‍ പോലീസിനും കൈമാറിയിട്ടുണ്ട്.
കുറെ ദിവസമായി താഴ്വരയില്‍ സുരക്ഷാ സൈനികര്‍ കാര്‍ഡോ സേര്‍ച്ച് ഓപറേഷന്‍ നടത്തി വരുന്നു. മഞ്ഞ് വീഴ്ച മുതലെടുത്ത് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. വീടുകള്‍ തോറും സൈന്യം പരിശോധന നടത്തുന്നുണ്ട്.
അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാക്കിസ്ഥാന്‍ ഗ്രാമങ്ങളില്‍ ഭീകരര്‍ തമ്പടിച്ച വിവരം വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് അറിഞ്ഞതായി സൈന്യം വ്യക്തമാക്കി. അതിര്‍ത്തിയിലെ ഔട്ട്‌പോസ്റ്റുകള്‍ക്ക് സമീപമാണ് ഈ ഗ്രാമങ്ങള്‍. പാക് ചാര സംഘടനയായ ഐഎസഐക്കും ഇതില്‍ പങ്കുള്ളതായി സംശയിക്കുന്നു. പ്രകോപനപരമായ ഷെല്‍ ആക്രമണങ്ങള്‍ നാലാം ദിവസവും തുടരുകയാണ് എന്ന് ജമ്മു സോണ്‍ ഐജി എസഡിസിംഗ് ജമ്വാല്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു ദിവസത്തെ വെടിവയ്പ്പിലും ഷെല്‍ ആക്രമണത്തിലും മലയാളിയായ ജവാന്‍ ഉള്‍പ്പെടെ 12 പേരാണ് വീരമൃത്യു വരിച്ചത്.
കേരളം ഉള്‍പ്പെടെ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങിലും സ്ഫോടനം നടത്താന്‍ ഭീകരവാദികള്‍ പദ്ധതിയിട്ടിട്ടുണ്ട് എന്ന് ഇന്റലിജന്‍സ് അറിയിച്ചിരുന്നു. കുറ്റിപ്പുറം പാലത്തില്‍ നിന്ന് കണ്ടെടുത്ത ഉഗ്ര സ്ഫോടക വസ്തുക്കളും ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച ആക്രമണ സന്ദേശവും കണക്കിലെടുത്ത് തിരുവനന്തപുരം , കൊച്ചി, കോഴിക്കോട് തുടങ്ങി പ്രമുഖ നഗരങ്ങളില്‍ പോലിസ് ജാഗ്രത പാലിക്കുന്നുണ്ട്. അസാധാരണമായി എന്ത് ശ്രദ്ധയില്‍പെട്ടാലും ഉടനടി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കാനും നിര്‍ദേശമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി ലഭിച്ചതും സംഭവം കൂടുതല്‍ ഗൌരവമായി കാണാന്‍ ഇടയാക്കും .
നേരത്തെ തന്നെ കാശ്മീരില്‍ ഫിദായീന്‍ ആക്രമണങ്ങള്‍ ശക്തമായി നടന്നു വരികയാണ്. ഖാണ്ടേ എന്ന 16 കാരന്‍ നടത്തിയ ആക്രമണത്തില്‍ നിന്നും ഇനിയും ഗ്രാമങ്ങള്‍ മുക്തമായിട്ടില്ല. അതിനിടെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ ജിയോളജി ഗവേഷക വിദ്യാര്‍ഥി മന്നാന്‍ വാനി ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നതായി വിവരം ലഭിക്കുകയും ഇയാള്‍ക്കായി അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്. ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അവസാനമായി ലോക്കേറ്റ് ചെയ്തത് ഡല്‍ഹിയാണ്.
രാജ്യത്തെ സൈന്യത്തിന്റെ ക്ഷമയെ പാക്കിസ്ഥാന്‍ പരീക്ഷിക്കരുത് എന്നും ഇനിയും ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ടി വരുമെന്നും ഇന്നലെ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പാക് അതിര്‍ത്തിയില്‍ മാത്രമല്ല ചൈനീസ് അതിര്‍ത്തിയിലും ഇന്ത്യ ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയത്. ഡോക്ലാമില്‍ ചൈന അതിര്‍ത്തി കയെരി റോഡ് നിര്‍മിച്ചതും സൈനിക താവളം നിര്‍മിച്ചതും എല്ലാം ഗൌരവത്തോടെ കാണുന്നു എന്ന് കരസേന മേധാവി വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തിയില്‍ എന്ത് തന്നെ സംഭവിച്ചാലും ധൈര്യം കൈവിടരുത് എന്നും അവസാനം വരെ പോരാടി വിജയം കൈവരിക്കണം എന്നും ഇന്നലെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രസ്താവിച്ചിരുന്നു.